പേരാമ്പ്ര: സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപിച്ച മേപ്പയ്യൂരിൽ ആന്റിജൻ പരിശോധന ഭാഗികം. പരിശോധനയ്ക്ക് എത്തിയവരുടെ ബാഹുല്യം കാരണം രജിസ്റ്റർ ചെയ്ത എല്ലാവർക്കും പരിശോധന നടത്താനായില്ല. സമ്പർക്കമുള്ളവർക്ക് ആർ.ആർ.ടി വഴി സമയം നിശ്ചയിച്ചിരുന്നെങ്കിലും രോഗഭീതി മൂലം രജിസ്റ്റർ ചെയ്യാത്തവരും കൂട്ടത്തോടെ പരിശോധനയ്ക്ക് എത്തുകയായിരുന്നു.
പഞ്ചായത്ത് ജീവനക്കാരിക്കും കള്ള് ഷാപ്പ് നടത്തിപ്പുകാരനും കൊവിഡ് പോസിറ്റീവായതാണ് മേപ്പയ്യൂരിൽ സമ്പർക്കത്തിന്റെ തുടക്കം. പിന്നീട് നടത്തിയ പരിശോധനയിൽ ഓട്ടോ ഡ്രൈവർക്കും മൊബൈൽ കടയിലെ ജീവനക്കാരനും മേപ്പയ്യൂരിലെയും കീഴ്പ്പയ്യൂരിലെയും റേഷൻ കടക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെയാണ് പഞ്ചായത്ത് പൂർണ്ണമായി അടച്ചിട്ടത്. ഇവരുമായി സമ്പർക്കമുള്ളവർക്കും ആന്റിജൻ പരിശോധന നടത്താൻ തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്.
പഞ്ചായത്ത് ജീവനക്കാരും ജനപ്രതിനിധികളും ആരോഗ്യ പ്രവർത്തകരും കോറന്റൈനിലായതോടെ രജിസ്റ്റർ ചെയ്തവരാണോ പരിശോധന നടത്തുന്നത് എന്ന് പരിശോധിക്കാൻ തടസമായി. പരിശോധനക്കായി നിശ്ചിത കിറ്റുകൾ മാത്രമേ കരുതിയിരുന്നുള്ളൂ. കിറ്റുകൾ തികയാത്തതോടെ അവസാനം സമയം ലഭിച്ചവർക്ക് പരിശോധന നടത്താനായില്ല. 260 പേർക്കാണ് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആന്റിജൻ പരിശോധന നടത്തിയത്. രജിസ്റ്റർ ചെയ്തവർക്ക് അവസരം ലഭിക്കാത്തത് വാക്കേറ്റത്തിന് ഇടയാക്കി. ഇവർക്ക് അടുത്ത ദിവസം അവസരം നൽകുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.