നഷ്ടപ്രതാപം വീണ്ടെടുക്കാനല്ല, അന്യാധീനപ്പെട്ടുപോയ സ്വത്തുക്കൾ തിരിച്ചുപിടിക്കാനുളള പോരാട്ടത്തിലാണ് കുറുമ്പ്രനാട് രാജകുടുംബത്തിലെ നാലാമത്തെ രാജാവായ എച്ച്.എച്ച് കാർത്തിക തിരുന്നാൾ രവിവർമ്മ രാജ. മല്ലീശ്വരി കോവിലകത്തെ പിൻമുറക്കാരനായ ഇദ്ദേഹം അലങ്കാരങ്ങളും പരിവാരങ്ങളുമില്ലാതെ ബാലുശ്ശേരി പോസ്റ്ര് ഓഫീസ് റോഡിന് സമീപത്തെ കൊച്ചു വീട്ടിൽ കഴിയുകയാണ്.
@ ചരിത്ര നാൾവഴികളിലൂടെ
എലത്തൂർ പുഴ മുതൽ 36 കാതം വരുന്ന കുറുമ്പ്രനാട് പ്രദേശവും ഇരു വയനാടുകളും ഗൂഡല്ലൂരും ചേരുന്നതാണ് കുറുമ്പ്രനാട് രാജ സ്വരൂപം. മറ്റ് രാജവംശങ്ങളുടെ ഉത്ഭവത്തിൽ നിന്ന് വ്യത്യസ്തമായ ചരിത്രവഴിയിലൂടെയാണ് കുറുമ്പ്രനാട് രാജ സ്വരൂപം രൂപപ്പെട്ടത്. വയനാട്ടിലെ വേട രാജാക്കന്മാരുടെ സ്വാധീനം മൂലം അവരുടെ സംസ്കാരം സവിശേഷ രീതി കൈവരിച്ചു. കുറുമ്പർ മരുമക്കത്തായ സമ്പ്രദായമാണ് അനുവർത്തിച്ചിരുന്നത്. താവഴി (അമ്മ വഴി) സ്വത്തായിരുന്നു. സ്ത്രീ സ്വത്തായതിനാൽ വലിയമ്മ രാജാവിന്റെ ആൾപേരായിട്ടാണ് വലിയരാജാവ് ഭരണം നടത്തിയത്. സ്ഥാനത്തിൽ മൂപ്പുള്ളയാൾ കിഴക്കേടത്ത് കോവിലകം, രണ്ടാമത്തെയാൾ പാറക്കടവത്ത് കോവിലകം, മൂന്നാമത്തെയാൾ നരിക്കോട്ട് കോവിലകം എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. സ്ഥാനം കിഴക്കേടത്ത് രാജാവിന്റെ കാലശേഷം മാറി വരും. സ്ത്രീകൾ മല്ലിശ്ശേരി കോവിലകത്തായിരുന്നു. പഴശ്ശി രാജാവിനോടൊപ്പം ബ്രിട്ടീഷ് കമ്പനിക്കെതിരെ പൊരുതിയ വീരയോദ്ധാക്കളിൽ മല്ലിശ്ശേരി കോവിലകം തമ്പുരാക്കന്മരായ രവിവർമ്മയും വീരവർമ്മയും ഉണ്ടായിരുന്നു. പഴശ്ശിയെ സഹായിച്ചതിന് ഇവരെ പിന്നീട് അന്തമാനിലേക്ക് നാടുകടത്തി. ഈ സമയത്താണ് ബ്രിട്ടീഷുകാർ മേക്കുളശ്ശേരി താവഴിക്കാരിലൊരാളെ കുറുമ്പ്രനാട്ട് രാജാവായി പ്രഖ്യാപിച്ചത്. ചരിത്രത്തിൽ കുറുമ്പ്രനാട് രാജാവിനെ പഴശ്ശിക്കെതിരെ കമ്പനിക്കൊപ്പം നിന്ന് പൊരുതിയ സ്വാർത്ഥനായിട്ടാണ് ചിത്രീകരിക്കുന്നത്. എന്നാൽ കുറുമ്പ്രനാട് രാജാവ് ആ സമയവും രാജ്യമില്ലാതെ തിരുവിതാംകൂറിൽ കഴിയുകയായിരുന്നു.1792ന് ശേഷം രാജാവ് തിരിച്ചെത്തുമ്പോഴേക്കും സ്വത്ത് വകകളെല്ലാം അന്യാധീനപ്പെട്ടിരുന്നു. ഭൂപരിഷ്കരണം വന്നതോടെ കോവിലകത്ത് വരേണ്ടിയിരുന്ന വരുമാനം നിലച്ചു. കോവിലകങ്ങൾ സാമ്പത്തികമായി തകർന്നു. 4000 രൂപ മാലിഖാന വാങ്ങിയിരുന്ന കുറുമ്പ്രനാട്ട് രാജാവായ കിഴക്കേടത്ത് രാജാവ് 50 രൂപ മാലിഖാന വാങ്ങി ഒതുങ്ങിക്കൂടി. സ്വത്തുക്കൾ മറ്ര ുള്ളവർ കെെക്കലാക്കി.
@ ബാലുശ്ശേരി വേട്ടക്കൊരു മകൻ ക്ഷേത്രം
സാമൂഹിക പരിഷ്ക്കരണത്തോടെ രാജ കുടുംബത്തിന്റെ മൂലസ്ഥാനം ഒന്നൊന്നായി നഷ്ടമായെങ്കിലും കുറുമ്പ്രനാട് രാജവംശത്തിലെ പ്രധാന കോവിലകമായ ബാലുശ്ശേരി കോട്ടയിലെ ആധിപത്യം ഇന്നും നിലനിൽക്കുന്നുണ്ട്. രവിവർമ്മ രാജ ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റികളിലൊരാളാണ്. എന്നും രാവിലെയും വൈകീട്ടും നടക്കുന്ന ക്ഷേത്ര പൂജകൾക്ക് അദ്ദേഹമാണ് നേതൃത്വം നൽകുന്നത്. പഴയ കാലത്ത് ബാലുശ്ശേരി കോട്ടയിൽ രാജ കുടുംബാംഗങ്ങൾ നിത്യവും ദർശനം നടത്തിയിരുന്നു. കുടുംബത്തിലെ കുലദേവതയാണ് വേട്ടക്കൊരുമകനും ഭഗവതിയും. സ്ത്രീകൾ ബാലുശ്ശേരി കോട്ടയിൽ പ്രവേശിക്കരുതെന്ന ശാപം നിലനിൽക്കുന്നതിനാൽ ക്ഷേത്ര ദർശനത്തിന് മല്ലിശ്ശേരി കോവിലകത്ത് ഭഗവതിയും പാറക്കടവത്ത് കോവിലകത്ത് പരദേവതയും നരിക്കോട്ട് കോവിലകത്ത് പരദേവത മാത്രമായും നിത്യപൂജയ്ക്കും ദർശനത്തിനും പ്രതിഷ്ഠിച്ചിരിക്കുന്നു. രാജവംശത്തിന്റെ ആധിപത്യപ്രദേശങ്ങളിൽ ഏറെ അറിയപ്പെടുന്ന ക്ഷേത്രമാണ് കൊല്ലം (വടക്കൻ) പിഷാരികാവ് ക്ഷേത്രം.
@ വിദ്യാഭ്യാസവും പദവികളും
ഇപ്പോഴത്തെ കൊയിലാണ്ടി താലൂക്ക് പനങ്ങാട് ഗ്രാമപഞ്ചായത്തിൽ നിർമ്മല്ലൂർ ഭാഗത്തെ മല്ലീശ്വരം കോവിലകത്ത് താഴെ പാട്ടത്തിൽ ഇല്ലത്തിൽ ചെറിയ കൃഷ്ണൻ നമ്പൂതിരിയുടെയും മല്ലീശ്വരി കോവിലകത്ത് മൂന്നാം താവഴി കാരണവരും കൈകാര്യ കർത്താവുമായ അംബികാ ദേവിയുടെയും മൂന്നാമത്തെ മകനാണ് . ശിവപുരം എ.യു.പി സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും ബാലുശ്ശേരി ഗവ.ഹയർ സെക്കൻഡറിയിൽ നിന്ന് എസ്.എസ്.എൽ.സിയും പൂർത്തിയാക്കി. മല്ലിശ്ശേരി കോവിലകത്ത് നിന്ന് ആദ്യമായി പുറത്തു പോയി പഠിച്ചയാൾ രവിവർമ്മ രാജയാണ്. തെക്കേ വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിലും മഞ്ചേരി എൻ.എസ്.എസ് കോളേജിലും പ്രീഡിഗ്രി പൂർത്തിയാക്കി. ഗുരുവായൂരപ്പൻ കോളേജിൽ നിന്ന് പൊളിറ്റിക്സിൽ ബി.എ ബിരുദം നേടി. മൈസൂരിൽ നിന്ന് എം.എയും ഗുഹാഹട്ടിയിൽ നിന്ന് എൽ.എൽ.ബിയും പൂർത്തിയാക്കി. സൗത്ത് ഇന്ത്യൻ ബാങ്കിൽ ലഭിച്ച ജോലി തുടരാതെ വീട്ടിലെ രാജകാര്യങ്ങൾ ഏറ്റെടുത്തു. വിദ്യാർത്ഥിയായിരുന്ന കാലത്ത് എ.ബി.വി.പി ഉൾപ്പെടെ പല വിദ്യാർത്ഥി സംഘടനകളിലും പ്രവർത്തിച്ചിരുന്നു. കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജില്ലാ-സംസ്ഥാന സെക്രട്ടറി , അഖിലേന്ത്യാ ജനറൽ സെക്രട്ടറി ,കരുമല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, ദേശബന്ദു സഹകരണ പ്രസ് വൈസ് പ്രസിഡന്റ്, നന്മണ്ട ഹൗസിംഗ് സൊസൈറ്റി വൈസ് പ്രസിഡന്റ് , ഭാരത അയ്യപ്പ സേവാസംഘം ആജീവനാന്ത അംഗം , താലൂക്ക് -സംസ്ഥാന കൗൺസിലർ , പഴശ്ശി രാജാ ട്രസ്റ്റ് ജനറൽ സെക്രട്ടറി, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് മാനേജിംഗ് കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കാക്കൂർ എ .യു .പി സ്കൂൾ ഉടമയാണ്. സുഹൃത്തായ മക്കാട്ട് പീയൂഷ് നമ്പൂതിരിപ്പാടുമായി ചേർന്നാണ് പഴശ്ശി രാജ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്. 2005ൽ വീര പഴശ്ശിയുടെ 2000ാം ആഹുദി ദിനം വിപുലമായി ആചരിച്ചു .
@ ഒറ്റയാൾ പോരാട്ടം
2004 ലാണ് എച്ച്.എച്ച്. കാർത്തിക തിരുന്നാൾ രവിവർമ്മ രാജ രാജാവായി വാഴിക്കപ്പെട്ടത്. ദേവസ്വം സ്വത്തുക്കൾ ഉൾപ്പെടെ നിരവധി ഭൂസ്വത്തുക്കൾക്ക് ഉടമയായിരുന്ന രാജ സ്വരൂപം ഭൂപരിഷ്കരണ നിയമവും വന ദേശവത്കരണവും വന്നതോടെ കഷ്ടതകളും യാതനകളും നേരിടേണ്ടി വന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കരാർ വ്യവസ്ഥയിൽ പൂർവികർ കൃഷിക്കായി നൽകിയ സ്ഥലങ്ങൾ മാറി മാറി വന്ന രാജാക്കന്മാരുടെ അനാസ്ഥയാൽ നഷ്ടമായികൊണ്ടിരുന്ന കാലത്താണ് രവിവർമ്മ രാജ രാജസ്ഥാനത്തെത്തുന്നത്. പൂർവിക സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ നിയമ യുദ്ധത്തിനിറങ്ങിയ ഇദ്ദേഹം ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ വ്യവഹാരം നടത്തി പ്രതിയോഗികളെ മുട്ടുകുത്തിച്ചുകൊണ്ടിരിക്കുകയാണ്. കേസ് നടത്താൻ പണം തികയാതെ വന്നപ്പോൾ സ്വത്തുക്കൾ വിറ്റു. നിയമ വിരുദ്ധമായി മുക്ത്യാർ വഴി രജിസ്റ്റർ ചെയ്ത കിനാലൂർ എസ്റ്റേറ്റിലെ ഭൂമി തരം മാറ്റി വിൽക്കാനുള്ള ശ്രമം തടയാനായി കേസ് നടത്തി. നിയമ സാധുതയില്ലാത്തതും രജിസ്ട്രേഷൻ വിഭാഗം ഐ .ജി റദ്ദാക്കാൻ ആവശ്യപ്പെട്ടതുമായ മുക്ത്യാർ ഉപയോഗിച്ചാണ് ഭൂമി രജിസ്റ്റർ ചെയ്തതെന്നാണ് രവിവർമ്മ പറയുന്നത്. കേസ് ഇപ്പോഴും തുടരുന്നു. ഓടക്കാളി ക്ഷേത്ര ചുമതല, മാലീഖാൻ കേസ് തുടങ്ങിയവയിലും വിധി വരാനുണ്ട്.
@ രാജപദവി
രാഷ്ട്രപതി ഭവനിൽ പൊതു പരിപാടി അവതരിപ്പിച്ച ആദ്യ രാജകുടുംബം കുറുമ്പ്രനാട്ടുകാരാണ്. 2009 ൽ രാഷ്ട്രപതി ഭവനിൽ പഴശ്ശിരാജ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ പഴശ്ശി പുരസ്കാര ദാന സമ്മേളനം ചരിത്രത്തിലെ സുവർണ മുഹൂർത്തമായി. രാഷ്ട്രപതി പ്രതിഭാ ദേവീ സിംഗ് പാട്ടീലിന്റെ അദ്ധ്യക്ഷതയിൽ ഡോ. എം. എസ് വല്യത്താൻ , ഡോ.കസ്തൂരി രംഗൻ ,മെട്രോമാൻ ഇ.ശ്രീധരൻ , 'പഴശ്ശിരാജ' സിനിമയുടെ സംവിധായകൻ ഹരിഹരൻ എന്നിവരെ ആദരിച്ചു. ഈ ചടങ്ങിലാണ് രാജാവെന്ന സർട്ടിഫിക്കറ്റ് രവിവർമ്മയ്ക്ക് ലഭിക്കുന്നത്.
@ പത്ര ഉടമ
മനനം പബ്ലിക്കേഷന്റെ കീഴിൽ വ്യവഹാരം എന്ന നിയമ മാസികയും മലബാർ എക്സ്പ്രസ് എന്ന സായാഹ്ന പത്രവും നടത്തി. പ്രിന്റർ ആൻഡ് പബ്ലീഷറായിരുന്ന രവിവർമ്മ രാജ ക്രമേണ പത്രത്തിന്റെ നേതൃത്വം ഏറ്റെടുത്തു. ഞരളത്ത് രാമപൊതുവാളിന്റെ ജീവചരിത്രം പുറത്തിറക്കിയത് മനനം പബ്ലിക്കേഷനായിരുന്നു.
@ കുടുംബം
ഭാര്യ:മീര
(സാമൂതിരി കുടുംബാംഗം) മകൾ: രശ്മി വർമ്മ