കോഴിക്കോട്: സ്വാതന്ത്ര്യസമര സേനാനിയും സാംസ്‌കാരിക നായകനുമായ കെ.പി. കേശവമേനോൻ അന്ത്യവിശ്രമം കൊള്ളുന്ന കോന്നാട് കടപ്പുറത്തിന് കെ.പി. കേശവമേനോൻ കടപ്പുറം എന്ന് നാമകരണം ചെയ്യണമെന്ന് വെസ്റ്റ്ഹിൽ വികസന കർമ്മ സമിതിയുടെയും തീരദേശത്തെ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗം ആവശ്യപ്പെട്ടു.
നിർദ്ദിഷ്ട സൈക്കിൾ ട്രാക്ക് നടപ്പാതയിൽ നിർമ്മിക്കണമെന്നും റോഡിനോട് ചേർന്ന ഭാഗം മോടിപിടിപ്പിച്ച് സന്ദർശകർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിട സൗകര്യവും പാർക്കിംഗ് സൗകര്യവും ഒരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം എ.പ്രദീപ് കുമാർ എം.എൽ.എ , എം.കെ. രാഘവൻ എം. പി, മുഖ്യമന്ത്രി, മേയർ, ജില്ലാ കളക്ടർ, ഫിഷറീസ് മന്ത്രി, സംസ്‌ക്കാരിക മന്ത്രി എന്നിവർക്ക് നൽകി. തീരദേശ റസിഡൻസ് കോ ഓഡിനേഷൻ കമ്മിറ്റി സെക്രട്ടറി ടി.വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. വെസ്റ്റ്ഹിൽ വികസന കർമ്മ സമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. ഷിബി എം തോമസ് ,അഡ്വ.എം.രാജൻ, വളപ്പിൽ ശശിധരൻ, സൈഫുദ്ദീൻ ടി പി, ഉപേഷ് .വി, എന്നിവർ പ്രസംഗിച്ചു. ഹർഷൻ കാമ്പുറം സ്വാഗതവും പി.കെ. ശ്രീരഞ്ജനൻ നന്ദിയും പറഞ്ഞു.