dyfi
വടകരയിലെ കോറന്റൈൻ സെന്ററുകളായ ലോഡ്ജുകൾ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ശുചീകരിക്കുന്നു

വടകര: വടകരയിലെ ഗവ. ജില്ലാ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് പോസിറ്റീവായതോടെ രോഗികൾക്ക് അന്നം മുടക്കാതെ ഡി.വൈ.എഫ്.ഐ. ആശുപത്രി കാന്റീനും ഹോട്ടലുകളും അടച്ചതോടെയാണ് ജാഗ്രതയോടെ ഇടപെടുന്നത്. നടക്കുതാഴയിലെ പ്രവർത്തകരാണ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ദിവസവും 400 ഓളം പൊതിച്ചോറ് എത്തിക്കുന്നത്. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൃത്യമായ മുൻകരുതലും സ്വീകരിക്കുന്നുണ്ട്.

ഫയർഫോഴ്സിനൊപ്പം അണുനശീകരണ പ്രവർത്തനങ്ങളിലും ഇവർ പങ്കെടുക്കുന്നു. വടകരയിലെയും ലോകനാർകാവിലെയും കോറന്റൈൻ സെന്ററുകളായ ലോഡ്ജുകളിൽ സന്നദ്ധ പ്രവർത്തന ചുമതലയുള്ള പ്രവർത്തകർ രണ്ട് മാസമായി സ്വന്തം വീട്ടിലേക്കും പോകാറില്ല. കഞ്ഞിപ്പശ മുക്കിയ വെള്ളയുമിട്ട് നടക്കുന്ന പതിവ് രാഷ്ട്രീയക്കാർക്കിടയിൽ നിന്നാണ് ഇത്തരം ഇടപെടൽ.

വീടുകളിൽ കോറന്റൈനിൽ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നുണ്ട്. എല്ലാ വാർഡുകളിലും ഇവരുടെ പ്രവർത്തകർ ആർ.ആർ.ടി വോളണ്ടിയർമാരായി സേവനം നൽകുന്നു. മണിയൂരിലും മേമുണ്ടയിലും ആയഞ്ചേരിയിലും വടകരയിലെയും സി.എഫ്.എൽ.ടി സെന്ററുകളും ഇവർ ശുചീകരിച്ച് കിടക്ക സജ്ജീകരിച്ചു. വടകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടിലുകൾ, കിടക്കകൾ തുടങ്ങിയ നിത്യോപയോഗ വസ്തുക്കളും സജ്ജീകരിച്ചു. കൊവിഡ് പോസിറ്റീവായ ആളുകളുടെ വീടുകളും കടകളും ഓഫീസുകളും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ അണുനശീകരണവും നടത്തുന്നുണ്ട്.