കോഴിക്കോട്: ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും തീവ്രവാദഫണ്ട് ഒഴുകുന്നുവെന്നതിന് തെളിവാണ് കാലിക്കറ്റ് സർവകലാശാലയിലെ വിവാദ പാഠപുസ്തകമെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി എം.എം. ഷാജി പറഞ്ഞു.
ദേശവിരുദ്ധ ഭാഗങ്ങൾ ഉൾപ്പെടുത്തിയതാണ് ബി.എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ പാഠപുസ്തകം. സ്വർണക്കള്ളക്കടത്തിനു തീവ്രവാദബന്ധമുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ആ ഫണ്ട് സർവകലാശാലകൾ കേന്ദ്രീകരിച്ച് സ്ലീപ്പർ സെല്ലുകൾ വളർത്തിയെടുക്കാനും ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിനു വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതിൽ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയ്ക്ക് ഉൾപ്പെടെയുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണം.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെയും ഭരണഘടനയെയും മോശമായി ചിത്രീകരിക്കുന്നതാണ് വിവാദ പുസ്തകം. ഇത്തരം ദേശവിരുദ്ധഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നു നീക്കം ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കുന്ന വൈസ് ചാൻസിലർ സർവകലാശാലയെ ദേശവിരുദ്ധ കേന്ദ്രമാക്കുന്നതിനു കൂട്ടുനിൽക്കുകയാണ്.
വർഷങ്ങൾക്ക് മുമ്പ് കാലിക്കറ്റ് സർവകലാശാലയിലെ പാഠപുസ്തകത്തിൽ അൽഖ്വയ്ദ തീവ്രവാദിയുടെ കവിത ഉൾപ്പെടുത്തുകയും പ്രതിഷേധങ്ങളെ തുടർന്ന് പിൻവലിക്കേണ്ടി വരികയും ചെയ്ത സാഹചര്യം ഓർക്കേണ്ടതുണ്ട്. അന്ന് ആ പാഠപുസ്തകം എഡിറ്റ് ചെയ്ത അധ്യാപകൻ സി.ആർ. മുരുകൻബാബു തന്നെയാണ് സമാനമായ ഈ വിഷയത്തിലും ഉൾപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ ഉന്നതതല അന്വേഷണം വേണം. ദേശവിരുദ്ധമായ പാഠഭാഗങ്ങൾ പാഠപുസ്തകത്തിൽ നിന്നു നീക്കം ചെയ്യണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും സെക്രട്ടറി ആവശ്യപ്പെട്ടു.