sukumaran
ടി. സുകുമാരൻ

കോഴിക്കോട്: നോവലിസ്റ്റും ബി.എം.എസ് മുൻ സംസ്ഥാന സഹകാര്യദർശിയുമായ ടി. സുകുമാരൻ (86) നിര്യാതനായി. ഇന്നലെ വൈകിട്ട് അഞ്ചോടെ പുതിയങ്ങാടി കോയ റോഡ് ബീച്ചിൽ മകന്റെ വീട്ടിലായിരുന്നു അന്ത്യം.

ഗോവ വിമോചന സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ചെറുവണ്ണൂരിലെ ഹിന്ദുസ്ഥാൻ ടൈൽസിൽ തൊഴിലാളിയായിരുന്നു.

മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ എഴുതിയ ബലിമൃഗങ്ങൾ, ഭാരതവിഭജനത്തെ ആസ്പദമാക്കി എഴുതിയ രസിക്കാത്ത സത്യങ്ങൾ എന്നിവ ശ്രദ്ധേയമായിരുന്നു. ചൈനീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഴുതിയ 'ഹിമവാന്റെ മക്കൾ', അടിയന്തരാവസ്ഥയിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന 'തളരാത്ത യാഗാശ്വങ്ങൾ', പട്ടാളക്കാരന്റെ ജീവിതം പകർത്തിയ 'വയറിനു വേണ്ടി', 'ജന്മദുഃഖം' എന്നീ നോവലുകളും എഴുതി.
പതിനഞ്ചാമത്തെ വയസ്സിൽ ചെറുവണ്ണൂരിൽ ആർ എസ് എസ് ശാഖയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച അദ്ദേഹം ജനസംഘത്തിന്റെ ആദ്യകാല നേതാക്കളിലൊരാളാണ്. അടൽ ബിഹാരി വാജ്‌പേയ്, എൽ.കെ. അദ്വാനി, ദത്തോപാന്ത് ഠേംഗ്ഡി, പി. പമേശ്വരൻ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
തച്ചമ്പലത്ത് ഉണിച്ചോയിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: നാണിക്കുട്ടി. മക്കൾ: ശ്യാംപ്രസാദ്, വിദ്യാസാഗർ, ദേവരാജ്, ലതിക, രാധിക, രേണുക (ബ്രഹ്മചാരിണി, മാതാ അമൃതാനന്ദമയി മഠം). മരുമക്കൾ: മിറ, ഇന്ദിര. സുധീർ, രാജൻ. സഹോദരങ്ങൾ: രുദ്രാണി, ഗിരിജ, പരേതരായ നാരായണൻ, ശേഖരൻ, പ്രഭാകരൻ.