മുക്കം: കൊവിഡിനെതിരായ ചെറുത്തുനിൽപ്പിൽ മനോവീര്യം നഷ്ടമാകാതിരിക്കാൻ സേനാംഗങ്ങൾക്ക് ഡോക്ടർകൂടിയായ പൊലീസ് ചീഫിന്റെ 'ഒറ്റമൂലി'. കോഴിക്കോട് റൂറൽ ജില്ല പൊലീസ് മേധാവി ഡോ.എ ശ്രീനിവാസാണ് പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള 'ചികിത്സ' നൽകുന്നത്. പൊലീസുകാർ എന്തൊക്കെ ചെയ്യണം ചെയ്യരുത്, ഒഴിവു സമയം എങ്ങനെ വിനിയോഗിക്കണം എന്നെല്ലാമുള്ള നിർദ്ദേശങ്ങളാണ് റൂറൽ പൊലീസ് ചീഫ് മുന്നോട്ടുവയ്ക്കുന്നത്. രാവിലെ എഴുന്നേൽക്കുക, ഒരു മണിക്കൂർ വ്യായാമമോ യോഗയോ ചെയ്യുക.കുട്ടികളുടെ കൂടെ സമയം ചെലവഴിക്കുക, അടുക്കള ജോലികളിൽ ഭാര്യയെ സഹായിക്കുക, മാതാപിതാക്കൾ വിദൂരങ്ങളിലാണെങ്കിൽ വീഡിയോകോൾ ചെയ്യുക, എട്ട് മണിക്കൂർ ഉറങ്ങുക. മറ്റുള്ളവരെ ക്ഷണിക്കാതെ പിറന്നാൾ, വിവാഹ വാർഷികം കുടുംബത്തോടൊപ്പം ആഘോഷിക്കുക. മുതിർന്ന ഉദ്യോഗസ്ഥരുടെ ഓൺലൈൻ ക്ലാസുകൾ കേൾക്കുക. പഴയ സുഹൃത്തുക്കളെ വിളിക്കുക. ഓഫീസ് ജോലി കൃത്യമായി പൂർത്തിയാക്കുക. ഇങ്ങനെ നീളുന്നതാണ് നിർദ്ദേശങ്ങൾ. മൈസൂർ മെഡിക്കൽ കോളേജിൽ നിന്ന് 1995-2000 ബാച്ചിലാണ് ഡോ.ശ്രീനിവാസ് മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.മെഡിക്കൽ രംഗത്തെ അറിവും അനുഭവവുമാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് റൂറൽ പൊലീസ് പരിധിയിൽ ഒരു മാസമായി തുടരുന്ന പരിപാടിക്ക് സേനാംഗങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാൻ ഡി.ജി.പി നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.