കോഴിക്കോട്: കൊവിഡ് ഭീതിയിൽ പഠനവും കൂടിച്ചേരലുകളുമെല്ലാം ഓൺലൈനായതോടെ മാറ്റത്തിനൊപ്പം ചിന്തിക്കുകയാണ് എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല. വായനശാലയിലെ പ്രായമായ അംഗങ്ങൾ മുതൽ ചെറുപ്പക്കാർ വരെ ഇനി മാസത്തിലൊരിക്കൽ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ ഒത്തുകൂടും. ആദ്യപടിയായി വായനശാല യുവജന വിഭാഗമായ യുവതയുടെ ആഭിമുഖ്യത്തിൽ ദേശീയ സൗഹൃദ ദിനത്തോടനുബന്ധിച്ച് 'ചങ്ങാതിക്കൂട്ടം' ഓൺലൈൻ സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. 80 വർഷം പഴക്കമുള്ള വായനശാലയുടെ ചരിത്രത്തിൽ ആദ്യമായി ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ചപ്പോൾ പ്രായമായ അംഗങ്ങൾക്ക് പുത്തൻ അനുഭവമായി. കൊവിഡ് കാലം കഴിഞ്ഞാലും ഓൺലൈൻ പ്ലാറ്റ്‌ഫോം സജീവമായി നിലനിർത്താനാണ് വായനശാല അംഗങ്ങളുടെ തീരുമാനം. ചങ്ങാതികൂട്ടം ഓൺലൈൻ സൗഹൃദ കൂട്ടായ്മ നടനും എഴുത്തുകാരനുമായ വിപിൻ പി.എസ്. ഉദ്ഘാടനം ചെയ്തു. യുവത സെക്രട്ടറി വിബിൻ ഇല്ലത്ത്, പ്രസിഡന്റ് കെ.എസ്.ഹിരൺ, പ്രബൽ ഭരതൻ, ഷിംന. വി.സി, വൈശാഖ് എം.പി എന്നിവർ നേതൃത്വം നൽകി.