ഫറോക്ക്: കൊവിഡ് രോഗിയുമായുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ഫറോക്ക് നഗരസഭ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ യു. സുധർമ്മക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി. കഴിഞ്ഞ വെള്ളിയാഴ്ച കൊവിഡ് സ്ഥിരികരിച്ച ചെറുവണ്ണൂർ സ്വദേശിനിയുടെ ഭർത്താവാണ് ജില്ലാ കളക്ടർക്കും നല്ലളം പൊലീസിനും പരാതി നൽകിയത്.
ഫറോക്ക് നല്ലൂരിലെ ഡോക്ടർ പ്രഭാകരന്റെ ക്ലിനിക്കിൽ യുവതി ചികിത്സക്കായി വന്നിരുന്നു. ഈ വിവരങ്ങൾ അറിയാൻ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായ യു. സുധർമ്മ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ സംഭാഷണമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്.
കുടുംബത്തിന് മാനഹാനി ഉണ്ടാക്കിയെന്നും വോയ്സ് ക്ലിപ്പ് കേട്ട് 14 വയസുള്ള മകളുടെ കൂട്ടുകാരികളടക്കം മകൾക്കും കൊവിഡ് ഉണ്ടോയെന്ന് തിരക്കിയതായും മകൾ മാനസിക സമ്മർദ്ദത്തിലാണെന്നും പരാതിയിൽ പറയുന്നു. രോഗിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പൊതു പ്രവർത്തകയുടേത് മനുഷ്യത്വമില്ലാത്തതും സാമൂഹ്യനീതീക്ക് നിരക്കാത്തതുമായ പ്രവൃത്തിയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും പരാതിയിൽ പറയുന്നു.