കൽപ്പറ്റ: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിനിടയിലും പൊതുജന ആരോഗ്യകേന്ദ്രങ്ങൾ മികച്ച ചികിത്സ സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് വിവിധ ചികിത്സയ്ക്കായി പൊതുജനങ്ങൾ ആരോഗ്യ കേന്ദ്രങ്ങളെയാണ് ആശ്രയിച്ചത്. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ ഉൾപ്പെടെയുള്ളവ കോവിഡ് ആശുപത്രികളാക്കി മാറ്റിയ സാഹചര്യത്തിൽ പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളിലൂടെ മികച്ച ചികിത്സ ഉറപ്പ് വരുത്താൻ സാധിച്ചു. വൈറസ് രോഗ വ്യാപനത്തിൽ വികസിത രാജ്യങ്ങളിൽ പോലും കൃത്യമായ ചികിത്സ നൽകാൻ സാധിക്കാത്ത ഈ കാലത്ത് സംസ്ഥാനത്ത് ഗ്രാമീണ മേഖലയിലടക്കം മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലയിൽ ആർദ്രം മിഷന്റെ ഭാഗമായി ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായത്. മേപ്പാടി, ചെതലയം ചീരാൽ,അമ്പലവയൽ, പടിഞ്ഞാറത്തറ, കോട്ടത്തറ,എടവക, വെളളമുണ്ട,തൊണ്ടർനാട് എന്നിവിടങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജില്ലാ നിർമ്മിതി കേന്ദ്രയാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയത്. ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു.

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒ.ആർ കേളു എം.എൽ.എ, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, മെഡിക്കൽ ഓഫീസർ ഡോ. വി.കെ. മുഹമ്മദ് സഈദ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകൾക്ക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ നേതൃത്വം നൽകി.

കാൻസർ ആശുപത്രി:
ബുക്കിംഗ് ഉറപ്പാക്കണം

മാനന്തവാടി: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ കാൻസർ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തുന്നവർ ഉച്ചകഴിഞ്ഞ് രണ്ടിനും അഞ്ചിനും ഇടയിൽ 8281212702 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ബുക്കിംഗ് ഉറപ്പാക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ആശുപത്രിയിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു


മീനങ്ങാടി ഹരിത സമൃദ്ധി പഞ്ചായത്ത്

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിനെ ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിച്ചു. ഹരിത കേരള മിഷന്റെ ഹരിത സമൃദ്ധി പഞ്ചായത്ത് പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനം. പഞ്ചായത്തിലെ ഒരു വാർഡിൽ ഒരു വർഷം പരമാവധി 2000 പച്ചക്കറി വിത്തുകളോ, തൈകളോ വിതരണം ചെയ്യുന്ന പഞ്ചായത്തുകളെയാണ് ഹരിത സമൃദ്ധി പഞ്ചായത്തായി പ്രഖ്യാപിക്കുന്നത്. മീനങ്ങാടി പഞ്ചായത്ത് വിവിധ ഘട്ടങ്ങളിലായി 5 ലക്ഷത്തിൽപ്പരം വിത്തുകളാണ് വിതരണം ചെയ്തത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയൻ ഹരിത സമൃദ്ധി പഞ്ചായത്ത് പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പി.അസ്സൈനാർ, പഞ്ചായത്ത് സെക്രട്ടറി ടി. അരുൺ ജോൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ തുടങ്ങിയവർ പങ്കെടുത്തു.


പഠനമുറിക്ക്
അപേക്ഷ ക്ഷണിച്ചു

കൽപ്പറ്റ: പട്ടികജാതി വികസന വകുപ്പ് മുഖേന പഠനമുറി നിർമ്മിക്കുന്ന പദ്ധതിക്ക് ഗവ./എയ്ഡഡ്/ടെക്നിക്കൽ/സ്‌പെഷ്യൽ സ്‌കൂളുകളിൽ എട്ടാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഗ്രാമസഭാ ലിസ്റ്റ് നിലവിലുള്ള പഞ്ചായത്തുകളിൽ ലിസ്റ്റിന്റെ മുൻഗണനാ ക്രമത്തിലും ഗ്രാമസഭാ ലിസ്റ്റ് ഇല്ലാത്ത പഞ്ചായത്തുകളിൽ നേരിട്ടുള്ള അപേക്ഷ പ്രകാരവുമാണ് തിരഞ്ഞെടുപ്പ്. 800 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ വലുപ്പമുള്ള വീടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല. അർഹരായ ഗുഭോക്താക്കൾ നിർദ്ദിഷ്ട അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, വീടിന്റെ അളവ് കാണിക്കുന്ന സാക്ഷ്യപത്രം, വീടിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ്, കൈവശരേഖ, ബാങ്ക് പാസ്ബുക്ക് കോപ്പി, ആധാർകാർഡിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ്, ഫോട്ടോ എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ആഗസ്റ്റ് 12 നകം നേരിട്ടോ, പ്രൊമോട്ടർമാർ മുഖേനയോ അപേക്ഷ സമർപ്പിക്കണം. ഫോൺ. :04936 203824.

അന്യസംസ്ഥാന തൊഴിലാളികളുടെ വിവരം നൽകണം

കൽപ്പറ്റ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് വയനാട് ജില്ലയിലേക്ക് തിരിച്ചെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിക്കുന്ന വിശദവിവരങ്ങൾ ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബർ ഓഫീസുകളിലോ ജില്ലാ ലേബർ ഓഫീസിലോ അറിയിക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. കോൺട്രാക്ടർ/തൊഴിലുടമയുടെ പേര്, വിലാസം, ഫോൺ നമ്പർ, തൊഴിലാളിയുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ, ജോലി, സ്വന്തം സംസ്ഥാനം, സ്വന്തം ജില്ല, ക്വാറന്റീൻ സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങൾ 04936 203 905 എന്ന ഫോൺ നമ്പറിലോ dlowayanad93@gmail.com എന്ന ഇമെയിൽ വഴിയോ അറിയിക്കണം.