കോഴിക്കോട്: പിങ്ക് പൊലീസ് പട്രോളിംഗ് യൂണിറ്റിലെ ഒരാൾക്ക് ആന്റി ബോഡി പരിശോധനയിൽ കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് നിറുത്തിയ പട്രോളിംഗ് ഇന്നലെ പുനഃരാരംഭിച്ചു. വിശദമായ പരിശോധനയിൽ കൊവിഡ് രോഗമില്ലെന്ന് തെളിഞ്ഞതിനെ തുടർന്നാണ് പ്രവർത്തനം പുനഃരാരംഭിച്ചത്. വെള്ളയിൽ, എലത്തൂർ, ട്രാഫിക് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കും പിങ്ക് പെട്രോളിംഗ് യൂണിറ്റിലെ വനിതാ പൊലീസിനുമാണ് പി.സി.ആർ പരിശോധനയിൽ നെഗറ്റീവായതെന്ന് സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. സുജിത്ത് ദാസ് പറഞ്ഞു.
ആന്റി ബോഡി പരിശോധന ഫലം പോസിറ്റീവായത് കാരണം പിങ്ക് പട്രോളിംഗ് യൂണിറ്റിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെയ്ക്കാൻ ശനിയാഴ്ചയാണ് സിറ്റി പൊലീസ് ചീഫ് എ.വി ജോർജ്ജ് നിർദ്ദേശിച്ചത്. പിങ്ക് പൊലീസിലെ മുഴുവൻ അംഗങ്ങളോടും ക്വാറന്റൈനിൽ പോകാനും നിർദ്ദേശിച്ചിരുന്നു. ക്വാറന്റൈനിൽ കഴിഞ്ഞ വിവിധയിടങ്ങളിലെ മറ്റ് പൊലീസുകാർ ഉടനെ തിരിച്ച് ജോലിക്കെത്തും. വിശദമായ പരിശോധനയിൽ നെഗറ്റീവായതിൽ ആശ്വാസത്തിലാണ് പൊലീസ് കേന്ദ്രങ്ങൾ.