താത്കാലികക്കാർക്ക് ഒട്ടും ശമ്പളമില്ല
റാങ്ക് ലിസ്റ്റിലുള്ളവർക്കും പ്രതീക്ഷയറ്റു
കോഴിക്കോട്: കൊവിഡ് കടന്നുപോകുന്നതോടെ ഈ അദ്ധ്യയനവർഷം തന്നെ സ്ഥിര നിയമനമെന്നാണ് വാഗ്ദാനം. സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകളുടെ ഈ ഉറപ്പിൽ ഓൺലൈനിൽ താത്‌കാലികമായി ജോലി തുടങ്ങിയ ഒട്ടനവധി അദ്ധ്യാപകർ ആകെ വെട്ടിലായ മട്ടിലാണ്. ഇനിയും രേഖയിൽ പെടാത്തതുകൊണ്ട് ഇവരുടേത് സൗജന്യസേവനമായി മാറുകയാണ് മിക്കയിടത്തും.
കൊവിഡ് നിയന്ത്രണം കടുത്ത നിലയിൽ തുടരവെ അദ്ധ്യാപകരൊക്കെയും വീട്ടിലിരുന്ന് ഓൺലൈൻ വഴി ക്ലാസെടുക്കുകയാണ്. താത്കാലികക്കാർക്കും ജോലിയ്ക്ക് ഒട്ടും കുറവില്ല. പക്ഷേ, ഈ ജോലി ഇനിയും ഔദ്യോഗികമായി മാറാത്തതിനാൽ തന്നെ കൂലിയില്ലെന്നു മാത്രം. സ്ഥിരക്കാർക്ക് ശമ്പളം 'കട്ട് ' ചെയ്താണെങ്കിലും കൃത്യമായി അക്കൗണ്ടിലെത്തുമ്പോൾ താത്കാലിക ജീവനക്കാർക്ക് കൈയിലൊന്നുമെത്തുന്നില്ല. സ്‌കൂളുകൾ എന്ന് തുറക്കുമെന്ന് ഇപ്പോഴും ഒരു പിടിയുമില്ലെന്നിരിക്കെ, പ്രതീക്ഷയ്ക്കും മങ്ങലേൽക്കുകയാണ്.
സ്‌കൂൾ തുറന്നില്ലെന്നതിനാൽ ഈ അദ്ധ്യയനവർഷം ഗവ. സ്‌കൂളുകളിൽ എവിടെയും ദിവസവേതനക്കാരെ നിയമിച്ചിട്ടില്ല. കഴിഞ്ഞ വർഷം ജോലി ചെയ്ത താത്കാലിക അദ്ധ്യാപകരെ മാർച്ച് 31 ന് പിരിച്ചുവിട്ടിരുന്നു.
സ്ഥിരം അദ്ധ്യാപകർ കുറവായ പല സ്വകാര്യ സ്‌കൂളുകളും ഓൺലൈൻ ക്ലാസിനായി കഴിഞ്ഞ അദ്ധ്യയനവർഷത്തെ ദിവസവേതനക്കാരെയാണ് ആശയിക്കുന്നത് . ഇവരാകട്ടെ ഈ അദ്ധ്യയന വർഷം പൂർവസ്ഥിതിയിലായാൽ വീണ്ടും നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിൽ ക്ലാസെടുക്കുകയാണ്. ഇതുവരെ ഒരു രൂപ പോലും ശമ്പളയിനത്തിൽ ലഭിക്കാത്തവരുണ്ട്. ചില സ്‌കൂളുകൾ മറ്റു ഫണ്ടുകളിൽ നിന്നു ചെറിയ തുക അദ്ധ്യാപകർക്കായി നീക്കിവെക്കുന്നുണ്ട്. സ്‌കൂൾ തുറക്കാത്തതിനാൽ ദിവസ വേതനക്കാരുടെ കാര്യം സർക്കാരിന്റെ പരിഗണനയിലും വരുന്നില്ല.
ജില്ലയിൽ ദിവസവേതനക്കാരായി ഒട്ടേറെ പേർ ജോലി ചെയ്യുന്നുണ്ട്. നല്ലൊരു പങ്ക് സമയവും ഓൺലൈൻ ക്ലാസിന് നീക്കിവെക്കേണ്ടി വരുന്നതിനാൽ മറ്റ് ജോലിയ്ക്ക് ശ്രമിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ഇവർ.
പല സ്കൂളുകളിലും അദ്ധ്യാപകരുടെ ശമ്പളം 30 മുതൽ 50 ശതമാനം വരെ വെട്ടിക്കുറച്ചിട്ടുണ്ട്. സ്‌കൂളുകളിൽ ചെന്ന് ഓൺലൈനിൽ ക്ലാസെടുക്കുന്നവർക്ക് നൽകുന്നതിന്റെ പകുതി വേതനമാണ് വീട്ടിലിരുന്ന് ക്ലാസെടുക്കുന്നവർക്ക് കിട്ടുന്നത്. ഇപ്പോഴത്തെ സാമ്പത്തിക ഞെരുക്കത്തിൽ പി എസ് സി ലിസ്റ്റിൽ നിന്ന് അടുത്ത കാലത്തൊന്നും നിയമനം പ്രതീക്ഷിക്കാനാവില്ലല്ലോ എന്ന ചോദ്യമാണ് നിരാശയോടെ പലരും ഉയർത്തുന്നത്.
' പലയിടത്തും ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരുണ്ട്. പക്ഷേ, അവർക്ക് ശമ്പളം കിട്ടുന്നില്ല. ഓൺലൈൻ പ്രവർത്തനങ്ങളിൽ സജീവമായ ഇവർ മുഴുവൻ ശമ്പളത്തിന് അർഹരാണ്. ഈ അദ്ധ്യാപകരുടെ കാര്യമുന്നയിച്ച് അധികൃതർക്ക് നിവേദനം അയച്ചിട്ടുണ്ട്.
സജീവൻ കുഞ്ഞോത്ത്
കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ്