കുറ്റ്യാടി: ഹയർ സെക്കൻഡറി അദ്ധ്യാപകർക്കായുള്ള ഓൺലൈൻ പഠന പരിപോഷക പദ്ധതിയായ 'ഡിജി ഫിറ്റി'ന് (ഡിജിറ്റൽ ടീച്ചർ എംപവർമെന്റ് ഡ്രൈവ്) കുന്നുമ്മൽ ബി.ആർ.സി യിൽ തുടക്കമായി.
വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഓൺലൈൻ ക്ലാസ്സുകൾക്കു പിറകെ വിദ്യാർത്ഥികൾക്ക് സംശയനിവാരണം വരുത്തേണ്ടത് അതത് സ്കൂളുകളിലെ അദ്ധ്യാപകരാണ്. ഇതിനുള്ള ഡിജിറ്റൽ പഠന വിഭവങ്ങൾ തയ്യാറാക്കി സോഫ്‌റ്റ്‌വെയർ വഴി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് എത്തിക്കാൻ അദ്ധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ത്രിദിന പരിശീലനം.
കുന്നുമ്മൽ ബി.ആർ.സി യുടെ പരിധിയിൽ വരുന്ന ഏഴ് പഞ്ചായത്തുകളിലെ എഴുപത് അദ്ധ്യാപകരാണ് ഗൂഗിൾ മീറ്റ് സങ്കേതമുപയോഗിച്ചുള്ള ഒന്നാംഘട്ട പരിശീലനത്തിൽ പങ്കെടുത്തത്. ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ എ.കെ.അബ്ദുൾ ഹക്കീം അദ്ധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി കോഴിക്കോട് റീജിയണൽ ഡയറക്ടർ ഗോകുൽ കൃഷ്ണൻ, ഡയറ്റ് ഫാക്കൽറ്റി ഡി.ദിവ്യ എന്നിവർ ആശംസയർപ്പിച്ചു. ആർ.പി മാരായ അനൂപ് കുമാർ, സുനിൽ, ശ്രീജ, അബ്ദുൾഖാദർ, കുന്നുമ്മൽ ബി.ആർ.സി ട്രെയ്‌നർമാരായ കെ.പി.ബിജു, അനിഷ തുടങ്ങിയവർ സംബന്ധിച്ചു. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ വി.വി.ബാലകൃഷ്ണൻ സ്വാഗതവും കെ.കെ.സുനിൽകുമാർ നന്ദിയും പറഞ്ഞു.