വടകര: പി.എച്ച്.സിയിൽ നിന്നും കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയതോടെ അഴിയൂരിൽ ഇനി നേരം വൈകുംവരെയും ഒ.പി. സൗകര്യം ഉണ്ടാകും. സംസ്ഥാനത്തെ 102 ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതിലാണ് അഴിയൂർ പി.എച്ച്.സിയും ഉൾപ്പെട്ടത്. ഓൺലൈനിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജ അദ്ധ്യക്ഷത വഹിച്ചു.
അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ആർദ്രം മിഷനിൽ 17 ലക്ഷം രൂപയും പഞ്ചായത്ത് പദ്ധതികളിൽ 18 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ഡോക്ടർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ശമ്പള തുകയും വകയിരുത്തിയിട്ടുണ്ട്. പി.എച്ച്.സിയിലെ ചടങ്ങിൽ വടകര എം.എൽ.എ. സി.കെ നാണു ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയൻ, വൈസ് പ്രസിഡന്റ് ഷീബ അനിൽ, ജില്ലാ പഞ്ചായത്ത് അംഗം എ.ടി ശ്രീധരൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ ചാത്തങ്കണ്ടി, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽ ഹമീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പങ്കജാക്ഷി, കെ.പി പ്രമോദ്, നിഷ പറമ്പത്ത്, മെഡിക്കൽ ഓഫീസർ ഡോ. കെ. അബ്ദുൾ നസീർ, പി.പി ശ്രീധരൻ, ജെ.എച്ച്.ഐ സുരേഷ് എന്നിവർ സംസാരിച്ചു. കൊവിഡ് പ്രൊട്ടോകോൾ പാലിച്ചാണ് ചടങ്ങ് നടത്തിയത്. അഴിയൂരിലെ ജനങ്ങൾ ഫർണ്ണിച്ചറും മറ്റ് ഉപകരണങ്ങളും സംഭാവന ചെയ്തിരുന്നു.