രാമനാട്ടുകര: കൊവിഡ് കാലത്ത് ജോലിഭാരം കൊണ്ട് നിന്ന് തിരിയാൻ നേരമില്ലാതിരിക്കെ മാറാട് ജനമൈത്രി പൊലീസ് തുടങ്ങിയ ജൈവ പച്ചക്കറി കൃഷി വേറിട്ട കാഴ്ചയാകുന്നു. എസ്.എച്ച്.ഒ വിനോദിന്റെ നേതൃത്വത്തിലാണ് സ്റ്റേഷൻ ടെറസിൽ ഗ്രോ ബാഗുകളിൽ കൃഷി നടത്തുന്നത്. ജില്ലാ പൊലീസ് മേധാവി എ.വി ജോർജും സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവും ജനുവരിയിൽ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പറഞ്ഞൊരു ആശയമാണ് പൊലീസുകാർക്ക് പ്രചോദനം.
ബേപ്പൂർ കൃഷിഭവന്റെ സഹായത്തോടെ മെയ് മാസത്തിലാണ് കൃഷി തുടങ്ങിയത്. ഇപ്പോൾ തലയ്ക്ക് മുകളിൽ പയർ, കയ്പ, മുളക്, വഴുതന, വെണ്ട, ഇഞ്ചി, ചീര തുടങ്ങിയവയെല്ലാം വിളഞ്ഞ് നിൽക്കുന്നുണ്ട്. സബ് ഇൻസ്‌പെക്ടർമാരായ എം.സി ഹരീഷ്, ടി. ജയപ്രകാശ്, ജനമൈത്രി ബീറ്റ് ഓഫിസർ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ കെ. ധനേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ കെ. ഷനോജ്, പി. ബിജോയ്, ജോജോ ജോസഫ്, കെ. അജിത്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സപ്തസ്വരൂപ്, പി.ജെ ഷൈജിത് കൂടാതെ സ്റ്റേഷനിൽ നിന്നും സ്ഥലം മാറിപ്പോയ സബ് ഇൻസ്‌പെക്ടർ കെ. അജിത്, സിവിൽ പൊലീസ് ഓഫീസർ പി. അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാലനം. മെസ്സിലേക്ക് ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇവിടെ നിന്നും ലഭിക്കുന്നുണ്ട്.