സുൽത്താൻ ബത്തേരി: ബത്തേരിയിൽ ഞായറാഴ്ച ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ബത്തേരി താലൂക്കാശുപത്രിയിൽ നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് നാലുപേർക്ക് കൂടി രോഗം കണ്ടെത്തിയത്.

20 പേരുടെ സ്രവം പരിശോധിച്ചതിലാണ് നാല് കേസ് പോസിറ്റീവായത്. രോഗം പിടിപെട്ട നാലുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. ബത്തേരിയിലെ പലചരക്ക് മൊത്ത വിപണന സ്ഥാപനത്തിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരാണ്. ഇതോടെ ഇവിടെ നിന്ന് സമ്പർക്കം വഴി രോഗം പിടിപെട്ടവരുടെ എണ്ണം 29 ആയി.

ചെതലയം സ്വദേശിയായ 48 കാരനും ഭാര്യയ്ക്കും 2 പെൺമക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലബാർ ട്രേഡിംഗ് കമ്പനിയുമായി സമ്പർക്കമുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശിയായ ഒരാൾക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നതോടൊപ്പം സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണവും വളരെ വലുതാണ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നാളെ മുതൽ ഒരു മാസക്കാലം ബത്തേരിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയാണ്.