shaji
ഷാജി

കോഴിക്കോട്: നിരവധി മോഷണ കേസുകളിൽ പ്രതികളായ നാലു പേർ പിടിയിലായി. കുപ്രസിദ്ധ മോഷ്ടാവ് കണ്ണാടിക്കൽ തോട്ടുകടവ് വീട്ടിൽ ഷാജി, കൂട്ടാളികളായ പാറോപ്പടി ഫൈസൽ, വലിയ കോയ, അബ്ദുൾ കരീം എന്നിവരെയാണ് ടൗൺ ഇൻസ്‌പെക്ടർ ഉമേഷ്, എസ്‌.ഐ കെ.ടി.ബിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം അർദ്ധരാത്രി പട്രോളിംഗിനിടെ കല്ലായ് റോഡിൽ യമുനാ ആർക്കേഡിന്റെ സമീപത്തു വച്ചാണ് ഷാജിയെ പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ചാക്കിൽ മോഷ്ടിച്ച വസ്ത്രങ്ങൾ കണ്ടെത്തിയതോടെ ചോദ്യം ചെയ്യലിൽ മറ്റു പ്രതികൾക്കുള്ള പങ്ക് വ്യക്തമായി. തുടർന്നു മൂവരെയും പിടികൂടി.

കഴിഞ്ഞാഴ്ചയാണ് താജ്‌ റോഡിലെ ഉന്തുവണ്ടി കച്ചവടക്കാരൻ വില്പനയ്ക്കെത്തിച്ച പുതുവസ്ത്രങ്ങൾ മോഷ്ടിച്ചത്. ഇതത്രയും ലിങ്ക് റോഡിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ സൂക്ഷിച്ചതായിരുന്നു. മറ്റൊരാൾക്ക് കൈമാറാൻ കൊണ്ടുപോകുന്നതിനിടെയാണ് കുടുങ്ങിയത്.

നേരത്തെ ബൈക്ക്‌ മോഷണത്തിനടക്കം ഷാജി പിടിയിലായിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച കേസ്സുകളിലും ഭവനഭേദന - സ്വർണാപഹരണ കേസ്സുകളിലും ഷാജിയെന്ന പോലെ കൂട്ടാളികളും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.