ishal
കുഞ്ഞിരാമൻ നമ്പ്യാരുടെ മകൻ വേണു ഗോപാൽ ,ശിഷ്യന്മാരായ പ്രദീപൻ ,ഡോ ഭരതൻ

കോഴിക്കോട്: രാമകഥ പെയ്തിറങ്ങുന്ന കർക്കടകത്തിൽ ഇശലുകളിൽ പൊതിഞ്ഞ മാപ്പിള രാമായണം ഓൺലൈനിലാക്കി വില്യാപ്പള്ളി കുട്ടോത്തു വീട്ടിൽ എം.സി.പ്രദീപൻ. വാട്സ് ആപ്പ് കൂട്ടായ്മകളിലും ഓൺലൈൻ പാർട്ടി പരിപാടികളിലും പ്രദീപന്റെ മാപ്പിള രാമായണം ഇപ്പോൾ ഹിറ്റാണ് . പഠിച്ചെടുക്കാൻ കുറെ ശിഷ്യരും കൂടെയുണ്ട്.

13ാം വയസിൽ കാഥികനായ ടി.എച്ച്.കുഞ്ഞിരാമൻ നായരിൽ ശിഷ്യപ്പെട്ടാണ് മാപ്പിള രാമായണം പഠിക്കുന്നത്. പിന്നീട് എത്രയോ വേദികളിൽ അദ്ദേഹത്തിനൊപ്പം പാടി. ടി.എച്ചിന്റെ മരണശേഷം വടകര കൃഷ്ണദാസുമായി ചേർന്ന് മാപ്പിള രാമായണത്തിന് ഈണം നൽകി സംസ്ഥാനത്തെ വിവിധ വേദികളിലെത്തിച്ചു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേരടങ്ങുന്ന ഗായക സംഘം നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളിൽ ഇന്നും സജീവമാണ്. ടി.എച്ചിന്റെ മക്കളായ ദിനേശനും വേണുഗോപാലനും ശിഷ്യനായ ‌ഡോ.ഭരതനും മാപ്പിള രാമായണം തലമുറകൾക്ക് പകർന്നുനൽകുന്നതിൽ പ്രദീപന്റെ കൂടെയുണ്ട്. മരപ്പണിക്കാരനായ പ്രദീപൻ മലയാള ഐക്യ വേദി സംസ്ഥാന സമിതി അംഗം കൂടിയാണ്. ഭാര്യ: ബിന്ദു. മകൾ: വൈഗ.