സുൽത്താൻ ബത്തേരി: കടുവ കണക്കെടുപ്പിന്റെ മറവിൽ വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കാർഷിക പുരോഗമന സമിതി. വയനാട്ടിലെ മുഴുവൻ കർഷകർക്കും ഗ്രാമവാസികൾക്കും ഏറെ ദ്രോഹം ഉണ്ടാക്കുന്നതാണ് ഈ നീക്കം. കോടി കണക്കിന് രൂപയുടെ ലോക വന്യജീവി ഫണ്ട് ലക്ഷ്യം വെച്ചുകൊണ്ടാണ് വനം വകുപ്പിൽ നിന്ന് ഇങ്ങനെ ഒരു നിർദ്ദേശം വന്നിട്ടുള്ളത്. കടുവ സങ്കേതമായി പ്രഖ്യാപിക്കുന്നതോടുകൂടി സമീപ ഗ്രാമപ്രദേശങ്ങൾ മുഴുവൻ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരും. ഇതോടെ വന്യമൃഗങ്ങളുടെ ശല്യം കാരണം കൃഷി അടക്കമുള്ള സമ്പാദ്യമെല്ലാം ഉപേക്ഷിച്ച് ഗ്രാമങ്ങളിൽ നിന്ന് പലായനം ചെയ്യേണ്ടിവരും .
ഇന്ത്യയിലെ ആദ്യത്തെ കടുവാസങ്കേതം കർണാടകത്തിൽ വന്നപ്പോൾ ചുറ്റുപാടുമുള്ള 26 ഗ്രാമങ്ങളിലെ മുഴുവൻ ഗ്രാമീണരെയും ഒഴിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥമേധാവിത്തത്തിനും അഴിമതിക്കും വൻതുക ധൂർത്തടിയ്ക്കാനുമുള്ള ഒരു ഉപാധിയായിട്ടാണ് കടുവ സങ്കേതമാകാനുള്ള നിർദ്ദേശത്തെ കാണുന്നത്.
യോഗത്തിൽ സമിതി രക്ഷധികാരി ബിഷപ്പ് ഡോ: ജോസഫ് മാർ തോമസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ
പി.എം.ജോയ്,ജില്ല ചെയർമാൻ ഡോ: പി.ലക്ഷ്മണൻ, വി.പി.വർക്കി, അഡ്വ: പി.വേണുഗോപാൽ, ഗഫൂർ വെണ്ണിയോട്, കെ.പി.യൂസഫ് ഹാജി തുടങ്ങിയവർ സംസാരിച്ചു.