മുക്കം: ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ 15ന് നിസ്സഹകരണ സമരം തുടങ്ങും. രോഗികൾക്ക് ചികിത്സ മുടക്കാതെയായിരിക്കും സമരമെന്ന് കെ.ജി.എം.സി.ടി.എ ഭാരവാഹികൾ പറഞ്ഞു.

ആർട്സ് കോളേജ്, എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകർ തുടങ്ങിയവർക്കെല്ലാം കുടിശ്ശികയടക്കമുള്ള ശമ്പളപരിഷ്കരണം നടപ്പാക്കിയിട്ടും ആരോഗ്യ മേഖലയിലുള്ളവർക്ക് അത് നിഷേധിക്കുന്നത് വിവേചനമാണ്. മെഡിക്കൽ കോളേജ് ഡോക്ടർമാർ 15 വർഷം മുമ്പത്തെ ശമ്പളത്തിലാണ് ജോലി ചെയ്യുന്നത്. 2016 -ൽ ലഭിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണമാണ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുന്നത്.

കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ തെലുങ്കാന, ഒഡിഷ, ഗോവ, ഹരിയാന, തമിഴ്‌നാട് സർക്കാരുകൾ ആരോഗ്യപ്രവർത്തകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിൽ ആനുകൂല്യങ്ങൾ ഇല്ലെന്നു മാത്രമല്ല സാലറി ചലഞ്ചിൽ നിന്ന് ഒഴിവാക്കിയതുമില്ല. ഈ സാഹചര്യത്തിലാണ് നിസ്സഹകരണത്തിനു നിർബന്ധിതരായതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. വി.കെ.സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി ഡോ. നിർമ്മൽ ഭാസ്‌കർ എന്നിവർ വ്യക്തമാക്കി.