മാനന്തവാടി: ശക്തമായ കാറ്റിലും മഴയിലും മാനന്തവാടിയിലും പരിസരങ്ങളിലും വ്യാപക നഷ്ടം. പലയിടങ്ങളിലും ഗതാഗത തടസ്സമുണ്ടാകുകയും വൈദ്യുതി വിതരണം പൂർണ്ണമായും നിലയ്ക്കുകയും ചെയ്തു.

അമ്പുകുത്തി കോട്ടക്കുന്ന് പുത്തൻതറ ജോർജ്ജിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നു വീണു. കുടിവെള്ളത്തിനായുള്ള ടാങ്ക്, ടാങ്ക് സ്റ്റാൻഡ് തകരുകയും അടുക്കളയിലെ ഷീറ്റിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു, ഈ സമയത്ത് അടുക്കളയിൽ ആളുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. അമ്പുകുത്തി ചെന്നലായ് കുനിയിൽ ചന്ദ്രന്റെ ഷെഡിനും, ഗേറ്റിനും മുകളിലേക്ക് മരം വീണു. വനം വകുപ്പിന്റ് ഔഷധ തോട്ടത്തിലെ അപകട ഭീഷണി ഉയർത്തുന്ന ഈ മരം മുറിച്ച് മാറ്റണമെന്ന് മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. മാനന്തവാടി മൈസൂർ റോഡിൽ മരത്തിന്റ് ശിഖരങ്ങൾ പൊട്ടിവീണ് ഭാഗികമായി ഗതാഗത തടസ്സം ഉണ്ടാവുകയും വൈദ്യുതി വിതരണം നിലയ്ക്കുകയും ചെയ്തു. വള്ളിയൂർക്കാവ് റോഡിൽ ഫയർ സ്റ്റേഷന് സമീപം മരം നിലം പതിച്ചു. പരിയാരംകുന്ന്, ഇല്ലത്ത് വയൽ എന്നിവിടങ്ങളിലും വീടുകൾക്കും വൈദ്യുതി ലൈനിലേക്കും മരം കടപുഴകി വീണു. കുണ്ടാല ആറാം മൈൽ മൂന്നാപ്രവൻ ബഷീറിന്റെ വീടിന് മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചു. മഴയിൽ വെള്ളമുണ്ട പഴഞ്ചന ആലാൻ പോക്കറിന്റെ കിണർ ഇടിഞ്ഞ് താഴ്ന്നു.
മാനന്തവാടി പ്രദേശത്ത് തിങ്കളാഴ്ച രാത്രി ആരംഭിച്ച ശക്തമായ മഴയും കാറ്റും തുടരുകയാണ്‌.