kunnamangalam-news
സക്കറിയ

കുന്ദമംഗലം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഇങ്ങാപ്പുഴ കക്കാട് ചാമപുരയിൽ സക്കറിയയെ (37) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കുന്ദമംഗലം മുറിയനാലിലെ മലബാർ ഹാർഡ്‌വെയറിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സുജിത്ത് ദാസ് കീഴിലുള്ള പ്രത്യേക അന്വേഷണസംഘം സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതിനു പുറമെ അടുത്തിടെ ജയിലിൽ നിന്നു പുറത്തിറങ്ങിയ മോഷണക്കേസ് പ്രതികളെ കേന്ദ്രീകരിച്ചും നീങ്ങിയതോടെ സക്കറിയയെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. കൊടുവള്ളി മാനിപുരത്ത് നിന്ന് എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ ജില്ലകളിലെ മോഷണക്കേസുകളിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.