കൽപ്പറ്റ: കൊവിഡ്19 രോഗ വ്യാപനത്തിനെതിരെ ഉള്ള നടപടികളുടെ ഭാഗമായി പൊലീസിന് കൂടുതൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നൽകിക്കൊണ്ടുള്ള സർക്കാർ തിരുമാനത്തിന്റെ പശ്ചാത്തലത്തിലും ജില്ലയിലെ രോഗവ്യാപനം കണക്കിലെടുത്തും ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടപടികൾ ശക്തിപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ അറിയിച്ചു. അന്തർജില്ല ആശുപത്രിയാത്രകൾ, വിവാഹ-മരണാനന്തര ചടങ്ങുകൾ എന്നിവയിൽ ആളുകൾ ജാഗ്രത കാണിച്ചില്ലെന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് നടപടി.
രോഗബാധിതരാവുന്ന ആളുകളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നതിന് അഡീഷണൽ എസ്.പി.യുടെ കീഴിൽ ശാസ്ത്രസാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓരോ സ്‌റ്റേഷനിലും ഒരു എസ്.ഐ യുടെ കീഴിൽ ഒരു സംഘം പ്രവർത്തിക്കും. ഇക്കാര്യത്തിൽ സ്‌റ്റേഷൻ ചാർജ്ജുള്ള ഡിവൈ.എസ്.പി മേൽനോട്ടം വഹിക്കും. കൊവിഡ് ബാധിതരാവുന്നവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയും തുടർന്ന് പട്ടികയുടേയും വ്യാപനത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ കണ്ടെയ്‌ന്മെന്റ് സോണുകളായി പ്രഖ്യാപിക്കേണ്ട മേഖലകളെ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ശുപാർശനൽകുന്നത് ഈ സംഘങ്ങളായിരിക്കും.
ക്വാറന്റൈനിലുള്ളവരുടെ നിരീക്ഷണത്തിനായുള്ള വാർഡ്തല കമ്മിറ്റികളുടെ ചുമതലയും നേതൃത്വവും പൊലീസ് ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി കൂടുതൽ ബൈക്ക്പട്രോളിംഗ് ഏർപ്പെടുത്തും.
എസ്.എച്ച്.ഒമാർ ഇക്കാര്യത്തിൽ കൂടുതൽ ചുമതലയുണ്ടായിരിക്കും.
പ്രാഥമിക/ ദ്വിതീയ സമ്പർക്കത്തിൽപ്പെട്ടവർ ക്വാറന്റീനി ൽപോകുകയും എന്നാൽ അവരുടെ കുടുംബാംഗങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ സഞ്ചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം ആളുകൾക്ക് ഹോം ക്വാറന്റീൻ നിർദ്ദേശിക്കും.
അന്തർജില്ലാ ആശുപത്രികളിൽ ചികിത്സയ്ക്കായി പോകുന്നവരും അവരെ അനുഗമിക്കുന്നവരും യാത്ര സംബന്ധിക്കുന്ന വിവരങ്ങൾ തൊട്ടടുത്ത പൊലീസ് സ്‌റ്റേഷനിൽ അറിയിക്കണം. സ്‌റ്റേഷൻ നമ്പർ ലഭ്യമായില്ലെങ്കിൽ 112-ൽ വിളിച്ച് നമ്പർ വാങ്ങണം. ചികിത്സ കഴിഞ്ഞ് വരുന്നവർ കഴിയാവുന്നിടത്തോളം ക്വാറന്റൈനിൽ കഴിയണം.
അന്തർ സംസ്ഥാന ചരക്കു വാഹന ഡ്രൈവർമാർക്ക് മാനന്തവാടി, ബത്തേരി, കൽപ്പറ്റ എന്നിവിടങ്ങളിൽ പാർക്കിംഗ് സൗകര്യവും വിശ്രമസ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തരം വാഹനങ്ങളിൽ മോട്ടോർ വാഹന വകുപ്പ് അതിർത്തികളിൽനിന്ന് സ്റ്റിക്കർപതിച്ച് അയയ്ക്കുന്നുണ്ട്. ഡ്രൈവർമാരിൽ വയനാട് സ്വദേശികൾക്ക് സ്വന്തം വീടുകളിലേക്ക് പോകാം. അല്ലാത്തവർ വിശ്രമകേന്ദ്രങ്ങളിൽ തന്നെ താമസിക്കണം. ഇവർ ചരക്ക്നീക്കത്തിന്റെ ഭാഗമായല്ലാതെ വിവിധസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ത്ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടികൾക്ക്പുറമെ ലൈസൻസ് റദ്ദ്‌ചെയ്യുന്നതും വാഹനത്തിന്റെ പെർമിറ്റ് റദ്ദ്‌ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കും.