പി .വി.രാജഗോപാലിനെ അറിയുമോ എന്ന ചോദ്യത്തിന് പലർക്കും മറുപടി ഓർത്തെടുത്ത് പറയേണ്ടി വരും. പക്ഷെ, രാജാജി എന്നുകൂടി ചേർത്താൽ ഈ ഗാന്ധിയനെ പറ്റി പറയാൻ ഏറെയുണ്ടാകും. കണ്ണൂർ ജില്ലയിലെ തില്ലങ്കേരി സ്വദേശിയായ രാജാജി നാട്ടുകാർക്ക് പദയാത്രാ ഗാന്ധി കൂടിയാണ്. അടിച്ചമർത്തപ്പെട്ടവരുടെയും ഭൂരഹിതരുടെയും ജീവൽപ്രശ്നങ്ങൾ അധികാരികളുടെ കാതുകളിലെത്തിക്കാൻ അന്നും ഇന്നും രാജഗോപാൽ സ്വീകരിക്കുന്ന മാർഗം ഗാന്ധിയൻ രീതിയായ പദയാത്രയാണ്. സാമൂഹ്യ പ്രവർത്തകയായ ഭാര്യ ജിൽകാർ ഹാരീസിനൊപ്പം 72ാം വയസിലും രാഷ്ട്ര പുനർ നിർമ്മാണത്തിനായി പോരാടുകയാണ് ഈ ഗാന്ധിയൻ .കോഴിക്കോട്ടെ 'അഹിംസ' നിലയത്തിലാണ് താമസമെങ്കിലും ഇവിടെയുണ്ടാവുക ചുരുക്കം ദിവസങ്ങൾ മാത്രം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കണ്ണൂർ കാടാച്ചിറയിലെ പരേതനായ ചാത്തുക്കുട്ടി നമ്പ്യാരുടെയും തില്ലങ്കേരി ഇരട്ടഞാലിൽ വീട്ടിൽ മാധവി അമ്മയുടെയും മകനായി 1948 ലാണ് രാജാജിയുടെ ജനനം. പിതാവിന്റെ പാത പിന്തുടർന്നാണ് രാജഗോപാൽ ഗാന്ധിജിയിലും മഹാത്മാവിന്റെ ആശയങ്ങളിലും അകൃഷ്ടനായത്. നന്നെ ചെറുപ്പത്തിൽ കോഴിക്കോടെത്തിയ ഇദ്ദേഹം രാമനാട്ടുകരയിലെ സുപ്രസിദ്ധ ഗാന്ധിയനായിരുന്ന രാധാകൃഷ്ണ മേനോന്റെ സേവാമന്ദിരം സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാരാഷ്ട്രയിലെ സേവാഗ്രാം ഗാന്ധി ആശ്രമത്തിൽ താമസിച്ച് അഗ്രിക്കൾച്ചർ എൻജിനീയറിംഗിൽ ബിരുദവും നേടി.
@ തുടക്കം ചമ്പൽക്കാടുകളിൽ
22ാമത്തെ വയസിൽ ഗാന്ധിയൻ ചിന്തകൾ തലയ്ക്കുപിടിച്ച് നേരെ പോയത് മദ്ധ്യപ്രദേശിലെ ചമ്പൽക്കാടുകളിലേക്കാണ് . ചമ്പൽ കൊള്ളക്കാരുടെ വിഹാരകേന്ദ്രത്തിൽ 'മഹാത്മാഗാന്ധി സേവാ ആശ്രമം' നിർമ്മിച്ച് പ്രവർത്തനം തുടങ്ങി. തോക്കിൻമുനയിലാണ് ഇവിടുത്തെ ഗ്രാമീണരുടെ ജീവിതമെന്ന് മനസിലാക്കിയ രാജാജി കൊള്ളക്കാരെ പിന്തിരിപ്പിക്കാനുള്ള ശ്രമം തുടങ്ങി . തുടക്കത്തിൽ പ്രദേശവാസികളുടെ കൊടിയ മർദ്ദനത്തിനും ഭീഷണിക്കും ഇരയായെങ്കിലും നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുതന്നെ ചുവടുവച്ചു. പൊതുജന പിന്തുണ ഏറിവന്നതോടെ ആശ്രമം ജനങ്ങളുടെ ആശ്രയ കേന്ദ്രമായി. ഹിംസ വെടിഞ്ഞ് അഹിംസയിലേക്ക് സഞ്ചരിക്കുകയെന്ന ഗാന്ധിജിയുടെ ആശയം ജനങ്ങളിലെത്തിക്കാൻ സാധിച്ചു. ഹിംസ ഉപേക്ഷിച്ച് 500 പേരാണ് പിന്നീട് തോക്കുകളുമായി ആശ്രമത്തിൽ കീഴടങ്ങിയത് . ഗ്രാമീണ യുവാക്കളെ ഗാന്ധിയൻ പാതയിലെത്തിക്കാൻ രാജഗോപാലിന് കഴിഞ്ഞു. ചമ്പൽ ഗ്രാമങ്ങളെ പ്രധാന റോഡുമായി ബന്ധിപ്പിക്കാൻ നിരവധി ഗ്രാമീണ റോഡുകൾ നിർമ്മിച്ചു . ചത്തീസ് ഗഢിൽ യുവാക്കളെ പരിശീലിപ്പിക്കാൻ ട്രെയിനിംഗ് സെന്റർ തുടങ്ങി. ഇതിനിടെ സുപ്രീംകോടതി കമ്മിഷണറുമായി .
@ ജയ് ജഗത് യാത്ര
മഹാത്മഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ രണ്ടിനായിരുന്നു ലോകസമാധാന സന്ദേശവുമായി രാജ്ഘട്ടിൽ നിന്ന് പി.വി. രാജഗോപാലിന്റെ നേതൃത്വത്തിൽ ജനീവയിലേക്കുള്ള ‘ജയ് ജഗത് യാത്ര’ ആരംഭിച്ചത്. നീതിക്കും സമാധാനത്തിനുമായി നേപ്പാൾ, പാകിസ്താൻ, യു.എ.ഇ., ഇറാൻ തുടങ്ങിയ രാജ്യങ്ങളിലൂടെ ഒരു വർഷം നീളുന്ന 14,000 കിലോമീറ്റർ ദൈർഘ്യമുള്ളതായിരുന്നു ആഗോള പദയാത്ര. ഇന്ത്യയിൽ 121ഉം, വിദേശ രാജ്യങ്ങളിൽ 244 ഉം ദിവസങ്ങളിലായി 10 രാജ്യങ്ങളിലൂടെ കടന്നു പോകുന്നതാണ് യാത്ര .50 പേരടങ്ങിയ അഞ്ച് ടീമായാണ് യാത്ര തിരിച്ചത്. പക്ഷേ, കൊവിഡ് ഭീഷണിയിൽ മാർച്ച് 17ന് അർമേനിയയിൽ യാത്ര താത്കാലികമായി നിർത്തിവയ്ക്കേണ്ടി വന്നു. ഇറാനിൽനിന്ന് പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായ അർമേനിയയിൽ സംഘം എത്തുമ്പോൾ ലക്ഷ്യമിട്ടിരുന്നതിന്റെ പാതിവഴി പിന്നിട്ടിരുന്നു. കൂടെയുണ്ടായിരുന്ന വിവിധ രാജ്യങ്ങളിലെ അമ്പതോളം പേർ അവരവരുടെ നാടുകളിലേക്ക് മടങ്ങി. 2020 ഒക്ടോബർ രണ്ടിനാണ് യാത്ര ജനീവയിൽ എത്തേണ്ടിയിരുന്നത്.
@ ഏകതാ പരിഷത്ത്
ഏകതാ പരിഷത്ത് എന്ന സംഘടന രൂപീകരിച്ച് രാജഗോപാൽ തോക്കില്ലാതെ , തോക്കുമായി ജീവിക്കുന്ന കൊള്ളക്കാർക്കരികിലെത്തി. അവരെ മാനസാന്തരപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. അതിവേഗം ഉത്തരേന്ത്യൻ ഗ്രാമീണരുടെ പ്രിയപ്പെട്ട രാജാജിയായി. രാജ്യത്തെ ഭൂരഹിതർക്കുവേണ്ടി ഏകതാപരിഷത്തും രാജഗോപാലും നിരവധി പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഏകതാ പരിഷത്ത് വലിയ ശക്തിയായി മാറി. ലോകം ശ്രദ്ധിച്ച പദയാത്രകൾ പലതും ഇന്നും ചർച്ച ചെയ്യുന്നവയാണ്.ഏകതാ പരിഷത്ത് ഇന്ത്യയ്ക്ക് പുറത്തും സജീവമാണ്. വിവിധ രാജ്യങ്ങളിൽ യൂണിറ്റുണ്ട്. ഗാന്ധി പീസ് ഫൗണ്ടേഷന്റെ മുൻ വൈസ് ചെയർമാനായിരുന്ന ഇദ്ദേഹം നിലവിൽ ഏകതാ ഫൗണ്ടേഷൻ ട്രസ്റ്റ് ബോപ്പാൽ പ്രസിഡന്റും കോഴിക്കോട് ബേസിക്ക് എജുക്കേഷൻ സൊസൈറ്റി രാമനാട്ടുകര , കോഴിക്കോട് മാനേജറുമാണ്. ഇന്ദിരാഗാന്ധി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
@ നടന്നത് 35,000 കിലോമീറ്റർ
72 പിന്നിട്ടതിന്റെ ക്ഷീണമൊന്നും രാജാജിയുടെ മുഖത്ത് കാണില്ല. പദയാത്രകളെ കുറിച്ച് ചോദിക്കുമ്പോൾ കൂടുതൽ ഊർജ്ജസ്വലനാവുകയാണ്. ഇതുവരെ 20 പദയാത്രകളിലായി 35,000 കിലോമീറ്റർ നടന്നു. ലോകത്ത് ശാന്തിയും സമാധാനവും പുലർന്നുകാണാൻ അദ്ദേഹം യാത്ര തുടരുകയാണ്.
2000ത്തിൽ രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് ആദ്യ പദയാത്ര തുടങ്ങുന്നത്. ആറരമാസം 3500 കിലോമീറ്റർ താണ്ടിയ യാത്ര ഒഡീഷയുടെ അതിർത്തിയിലാണ് സമാപിച്ചത്. മധ്യപ്രദേശ് സർക്കാർ ലാൻഡ് ടാസ്ക് ഫോഴ്സിന് രൂപം നൽകിയതിന് ഈ യാത്ര കാരണമായി. 2001ൽ ബീഹാർ പദയാത്ര. 2003ൽ ഒറീസയിൽ. ഇതിന്റെ ഭാഗമായി 'എന്റെ ഭൂമി എന്റെ വീട് ' ആശയം ഉണ്ടായി. 2007ൽ 2500 പേരെ പങ്കെടുപ്പിച്ച് ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലേക്ക്. വനാവകാശ നിയമം നടപ്പിൽ വന്നത് ഈ യാത്രയുടെ ഫലമായിരുന്നു. 2012ൽ ഒരുലക്ഷം പേരാണ് ഗ്വാളിയോറിൽ നിന്ന് ഡൽഹിയിലേക്കുള്ള പദയാത്രയിൽ പങ്കെടുത്തത്. ഭൂമിതന്നെയായിരുന്നു വിഷയം. ലാൻഡ് റിഫോം കൗൺസിലുൾപ്പടെ അവരുന്നയിച്ച പല ആവശ്യങ്ങളും പരിഗണിക്കാമെന്ന വാഗ്ദാനം കിട്ടിയതിനാൽ പദയാത്ര നിർത്തി. പൽവലിൽ നിന്ന് ഡൽഹിയിലേക്ക് നടത്തിയതാണ് മറ്റൊരു യാത്ര.
@ പദയാത്രകൾ
ഗാന്ധിയൻ സമരരീതിയായ പദയാത്രയാണ് രാജഗോപാലും പിന്തുടർന്നത്. പക്ഷെ, പദയാത്രകൾക്ക് ചില പ്രത്യേകതകളുണ്ട്. ഭക്ഷണവും വെള്ളവും കരുതി എല്ലാവരും ഒന്നിച്ചു നടക്കുകയാണ്.
ജാതിമതഭേദമില്ലാതെ, സാമ്പത്തിക അന്തരമില്ലാതെ യാത്ര തുടരും. എല്ലാ രാഷ്ട്രീയക്കാരും മതക്കാരും അതിൽ ചേരും. ചില പദയാത്രകളിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരും ചേർന്നിട്ടുണ്ട്. യാത്രയ്ക്കിടെ ആളുകൾ വീണുമരിച്ചെന്നുവരും. എന്നാലും യാത്ര തുടരും.