rain

കോഴിക്കോട് : കനത്ത മഴയിലും കാറ്റിലും ജില്ലയിൽ വൻ നാശം. ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ കാറ്റോടെ തുടങ്ങിയ മഴയിൽ ഗ്രാമ-നഗര പ്രദേശങ്ങളിൽ വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മലയോര പ്രദേശങ്ങളിലും നാശം വിതച്ച് മഴ കനത്ത് പെയ്യുകയാണ്. പുതിയങ്ങാടി, ഈസ്റ്റ്ഹിൽ, കാമ്പുറം, കോവൂർ, മാളിക്കടവ്, കരുവിശ്ശേരി, ബൈപ്പാസ്, പാറോപ്പടി, ഫാത്തിമ ഹോസ്പിറ്റലിന് സമീപം, വയനാട് റോഡ്, ഫാറൂഖ് കോളേജ് വിമൻസ് ഹോസ്റ്റൽ , പന്തീരാങ്കാവ്, വള്ളിക്കുന്ന്, കൊടൽ നടക്കാവ്, കൂടത്തുംപാറ ,പ്രൊവിഡൻസ് കോളേജ്, പയ്യാനക്കൽ, ബേപ്പൂർ, പൂക്കാട് എന്നിവിടങ്ങളിൽ മരംവീണു. ചിലയിടങ്ങളിൽ റോഡുകളിലും വൈദ്യുതി കമ്പികളിലും മരം വീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടു. നിരവധി വീടുകൾക്ക് കേടുപാടുകളുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും വെള്ളംകയറി. തീരമേഖലകളിൽ ശക്തമായ കടലാക്രമണം ഉണ്ടായി.

റോഡുകളിൽ വീണ മരങ്ങൾ ഫയർഫോഴ്സെത്തി മുറിച്ചു മാറ്റിയാണ് ഗതാഗത തടസം നീക്കിയത്. വൈദ്യുതി ബന്ധം പലയിടത്തും മണിക്കൂറുകളോളം നിലച്ചു. ഫറൂഖ് കോളേജ് പരിസരത്ത് കരമകൻ കാവിൽ ആലയ്ക്ക് മുകളിൽ മരം വീണ് പശു ചത്തു. ശങ്കരൻ തൊടിയിൽ സതിയുടെ പറമ്പിലെ കൂറ്റൻ മരം ആലയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സമീപത്തെ വീടിനും കേടുപാടുണ്ട്. തിരുവണ്ണൂർ പയ്യനാട്ട് വീട്ടിൽ ലീലാവതിയുടെ വീടിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. താമരശേരി ചുരം രണ്ടാം വളവിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. ഫറൂഖ് കോളേജിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ മരം വീണ് ചില്ലുകൾ തകർന്നു.

ശനിയാഴ്ച വരെ കനത്ത മഴ

ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മത്സ്യബന്ധനത്തിന് കടലിൽ പോകരുത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോര പ്രദേശങ്ങളിലും ജീവിക്കുന്നവർ ജാഗ്രത പാലിക്കണം. അടിയന്തര സഹായത്തിന് പൊലീസിന്റെ 112 എന്ന നമ്പറിലും ഫയർഫോഴ്സിനെയും വിളിക്കാം.