jolly

ആറുമാസം മുമ്പ് കേരളം മുഴുവൻ ഞെട്ടലോടെ ചർച്ചചെയ്ത കൂടത്തായി കൊലപാതക പരമ്പരയിൽ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതോടെ ഇപ്പോൾ പോര് പൊലീസും അഭിഭാഷകരും തമ്മിലായി. കൃത്യമായി പറഞ്ഞാൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ അന്നത്തെ കോഴിക്കോട് റൂറൽ എസ്.പി കെ.ജി സൈമണും സർക്കാർ അഭിഭാഷകരും തമ്മിൽ.

കൂടത്തായി കൊലപാതക പരമ്പര കേസ് അട്ടിമറിക്കാൻ കോഴിക്കോട്ടെ അഭിഭാഷകർ ശ്രമിക്കുന്നതായും ഇതിനായി ബാർ അസോസിയേഷന്റെ ഒത്താശയോടെ ഒരു വിഭാഗം അഭിഭാഷകർ യോഗം ചേർന്നെന്നും ഇതിൽ സർക്കാർ അഭിഭാഷകരും പങ്കെടുത്തെന്നും ചൂണ്ടിക്കാട്ടി ഇപ്പോൾ പത്തനംതിട്ട എസ്.പിയായ കെ.ജി സൈമൺ ഡി.ജി.പിക്ക് നൽകിയ രഹസ്യ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് അഭിഭാഷക - പൊലീസ് പോര് തുടങ്ങിയത്. കൊലപാതക പരമ്പരയിലെ മുഖ്യപ്രതി പ്രതി ജോളി തയ്യാറാക്കിയ ഒസ്യത്ത് വ്യാജമാണെന്ന് അറിഞ്ഞിട്ടും സാക്ഷ്യപ്പെടുത്തിയ നോട്ടറിയെ കേസിൽ പ്രതിയാക്കിയതും മറ്റൊരു അഭിഭാഷകനെ സാക്ഷിയാക്കിയതുമാണ് അഭിഭാഷകരെ ചൊടിപ്പിച്ചതെന്നായിരുന്നു റിപ്പോർട്ടിൽ എസ്.പി ചൂണ്ടിക്കാട്ടിയത്. സർക്കാർ അഭിഭാഷകർ ഇതിൽ പങ്കാളികളാവുന്നതോടെ കേസിലെ പ്രധാന രേഖകൾ കോടതിയിൽ വരില്ലെന്നും ശക്തമായ വാദങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം രേഖപ്പെടുത്തി. തനിക്ക് വ്യക്തിപരമായ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം രഹസ്യ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

രഹസ്യ റിപ്പോർട്ട് അഭിഭാഷകരിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കെ.ജി സൈമൺ ഉയർത്തിയ വാദമുഖങ്ങൾ ഒന്നൊന്നായി അവർ കാര്യ കാരണ സഹിതം ഖണ്ഡിക്കുകയായിരുന്നു.

കോഴിക്കോട് ബാർ അസോസിയേഷന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തിനും ബാർ അസോസിയേഷൻ കൂട്ട് നിൽക്കില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് പറഞ്ഞു. ബാർ അസോസിയേഷൻ അത്തരമൊരു യോഗം ചേർന്നിട്ടില്ല. എസ്.പിയുടെ വാദം അംഗീകരിച്ച് യോഗം ചേർന്നുവെങ്കിൽ യോഗത്തിൽ ആരൊക്കെ പങ്കെടുത്തുവെന്ന് അന്വേഷിച്ച് കണ്ടെത്താൻ പൊലീസിന് സംവിധാനം ഉണ്ടല്ലോ.

ഇതിന് പുറമെ കേസിൽ ഹാജരാവുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടർ കോഴിക്കോട് ബാറിലെ അഭിഭാഷകനല്ല. അദ്ദേഹത്തിലും പൊലീസിന് വിശ്വാസമില്ലെങ്കിൽ വിശ്വാസമുള്ള മറ്റൊരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ പൊലീസിന് അധികാരമുണ്ട്.

ഏറ്റവുമൊടുവിൽ തെറ്റായ റിപ്പോർട്ട് നൽകിയ എസ്.പിക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ സർക്കാർ അഭിഭാഷകർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുകയാണ്.

അന്വേഷണത്തിലെ വീഴ്ച സംബന്ധിച്ച് ജോളിയുടെ ആദ്യ ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് ധാരാളം പരാതി ഉണ്ടായിരുന്നു. ഇവർ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സാദ്ധ്യതയുണ്ടെന്നും സൂചന ഉണ്ടായിരുന്നു. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് കേസുകൾ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം മുഴുവൻ അഭിഭാഷകരിൽ കെട്ടിവയ്‌ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു നീക്കമെന്നും സർക്കാർ അഭിഭാഷകർ ആരോപിച്ചു.

ജില്ലയിലെ 11 കോടതികളിലെയും സർക്കാർ അഭിഭാഷകർ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയിരിക്കുന്നത്.

ഏതെങ്കിലും അഭിഭാഷകർ യോഗം ചേർന്നോയെന്ന് തനിക്ക് ഉറപ്പിച്ച് പറയാനാവില്ല. എന്നാൽ ഒരു സർക്കാർ അഭിഭാഷകനും സർക്കാർ കേസ് അട്ടിമറിക്കാനുള്ള യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്ന് തനിക്ക് ഉറപ്പിച്ച പറയാൻ സാധിക്കുമെന്ന് ജില്ലാ പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.എൻ ജയകുമാർ പറഞ്ഞു.