കൽപറ്റ: കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശപ്പെട്ട 12 ഏക്കർ ഭൂമിക്ക് സർക്കാർ നിർദേശാനുസരണം മാനന്തവാടി തഹസിൽദാർ നിർ ണയിച്ച കമ്പോളവില തുച്ഛം. സെന്റിന് 3,217 രൂപ നൽകാമെന്നാണ് തഹസിൽദാർ ജില്ലാ കലക്ടർക്കു നൽകിയ റിപ്പോർട്ട്. തഹസിൽദാരും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസറും ചേർന്നാണ് കമ്പോളവില നിശ്ചയിച്ചത്. കാഞ്ഞിരത്തിനാൽ കുടുംബത്തിന് അവകാശപ്പെട്ട ഭൂമിക്ക് ഏക്കറിന് 3,21,700 രൂപയാണ് തഹസിൽദാർ വില നിശ്ചയിച്ചത്. ഇതനുസരിച്ചു 38,58,895 രൂപയാണ് ആകെ ഭൂമിയുടെ കമ്പോളവില. 2013ലെ എൽ.എ.ആർ.ആർ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് തഹസിൽദാർ കമ്പോളവില നിർണയം നടത്തിയത്.
ആദിവാസി പുരനധിവാസത്തിനും മറ്റും ഗ്രാമപ്രദേശങ്ങളിൽ ഏക്കറിന് 10 ലക്ഷം മുതൽ 20 ലക്ഷം വരെ വിലയ്ക്ക് സ്വകാര്യഭൂമി സർക്കാർ വിലയ്ക്കുവാങ്ങുമ്പോഴാണ് കാഞ്ഞിരത്തിനാൽ കുടുംബത്തിന്റെ സ്ഥലത്തിനു തുച്ഛവില കണക്കാക്കിയത്.
ഭൂമിയിലെ മരങ്ങളുടെ വില നിർണയം നടന്നില്ല. മരങ്ങളുടെ വില കണക്കാക്കാൻ വടക്കേവയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറെയാണ് ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയത്. എന്നാൽ സർക്കാർ പ്രത്യേകം ഉത്തരവിറക്കിയാൽ മാത്രം മരങ്ങളുടെ വില കണക്കാക്കിയാൽ മതിയെന്നാണ് തനിക്കു ഒലവക്കോട് കസ്റ്റോഡിയൻ ഓഫ് വെസ്റ്റഡ് ഫോറസ്റ്റ് ചീഫ് കൺസർവേറ്ററിൽനിന്നു ലഭിച്ച നിർദേശമെന്നാണ് ഡി.എഫ്.ഒ ജില്ലാ കലക്ടറെ അറിയിച്ചത്.

ഇതിനു പുറമേ,വനമായി വിജ്ഞാപനം ചെയ്ത ഭൂമിക്ക് കമ്പോളവില നൽകുന്നത് ജില്ലയിലെ സമാനസ്വഭാവമുള്ള മറ്റു കേസുകളിലും ബാധകമാകുമെന്നും ഇത് സർക്കാരിനു കനത്ത സാമ്പത്തിക ബാധ്യതയ്ക്ക് ഇടയാക്കുമെന്നും വനം അധികൃതർ കലക്ടറെ അറിയിച്ചു.
ഇക്കാര്യങ്ങൾ ജില്ലാ കലക്ടർ ഡോ.അദീല അബ്ദുല്ല റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാഞ്ഞിരങ്ങാട് കുടുംബത്തിന് ജൻമാവകാശം ഉണ്ടായിരുന്ന സ്ഥലം 2013ലാണ് വനഭൂമിയായി വിജ്ഞാപനം ചെയ്തത്. 2015ലെ സ്വാതന്ത്ര്യദിനത്തിൽ കലക്ടറേറ്റ് പടിക്കൽ ജയിംസ് സത്യഗ്രഹം തുടങ്ങി. ഭൂമിക്കു പകരം കമ്പോളവില ലഭ്യമാക്കിയാൽ സ്വീകരിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് വസ്തുവിന്റെ കമ്പോളവില കണക്കാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ജില്ലാ കലക്ടർക്ക് നിർദേശം നൽകിയത്.