കോഴിക്കോട് : നഗരസഭ പരിധിയിലെ മത്സ്യബന്ധന മേഖലയിൽ കർശന സുരക്ഷ ഉറപ്പാക്കും. കോർപ്പറേഷനിൽ ചേർന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം.
ഐ.ഡി കാർഡ് ഇല്ലാത്തവരെ മത്സ്യബന്ധനത്തിന് അനുവദിക്കില്ല. അന്യസംസ്ഥാന തൊഴിലാളികൾക്ക് 14 ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി. അവരെ ടെസ്റ്റിനും വിധേയരാക്കും. നടത്തും. ഏതാണ്ട് 4500 ഓളം അന്യസംസ്ഥാന തൊഴിലാളികൾ ജോലിയ്ക്കെത്തുന്നുണ്ടെന്നത് കണക്കിലെടുത്താണ് ഈ തീരുമാനം. വരുന്നവരിൽ അധികവും കൊവിഡ് വ്യാപനം ഏറെയുള്ള തമിഴ്നാട്ടിൽ നിന്നാണ്. പുറത്ത് നിന്ന് വരുന്നവർ കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. കളക്ടറുടെ അനുമതി നിർബന്ധമാക്കിയിട്ടുണ്ട്.
സുരക്ഷയുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നത് ഇവരെ എത്തിക്കുന്ന ബോട്ട് ഉടമകളുടെ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച വരുത്തിയാൽ കർശന നടപടിയുണ്ടാവും. ഫിഷറീസ്, റവന്യു, പൊലീസ് ഉദ്യോഗസ്ഥരും കോർപ്പറേഷൻ മേയറും യോഗം ചേർന്ന് സാഹചര്യങ്ങൾ പതിവായി വിലയിരുത്തും.
ഇന്നലെ മാത്രം ആറ് പോസറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വലിയങ്ങാടിയിൽ ഇടപെടൽ ശക്തമാക്കും. എന്നാൽ, മുഴുവൻ കടകളും അടച്ചിടില്ല. മൈക്രോ കണ്ടെയ്ൻമെന്റ് സോൺ സംവിധാനം നടപ്പാക്കും.
പ്രായമുള്ളവരെ പരിചരിക്കാൻ സംവിധാനമുണ്ടാവും. നഗരസഭാ പരിധിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ എണ്ണം മൂന്നിൽ നിന്ന് ആറാക്കി ഉയർത്തും. ബീച്ച് ആശുപത്രിയിൽ കൊവിഡ് ചികിത്സ എത്രയും പെട്ടന്ന് ആരംഭിക്കും.
കൊവിഡ് പ്രതിരോധത്തിൽ അയഞ്ഞ സമീപനം സ്വീകരിക്കില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. യോഗത്തിൽ എം.എൽ.എ മാരായ എ. പ്രദീപ്കുമാർ, എം.കെ. മുനീർ, മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ എസ്. സാംബശിവറാവു, സിറ്റി പൊലീസ് കമ്മിഷണർ എ.വി. ജോർജ്, കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.വി. ബാബുരാജ്, ഡി.എം.ഒ ഡോ.വി. ജയശ്രി, സബ് കളക്ടർ ജി. പ്രിയങ്ക, കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ആർ.എസ്. ഗോപകുമാർ എന്നിവർ സംബന്ധിച്ചു.