കുറ്റ്യാടി: കനത്ത മഴയിലും വീശിയടിച്ച കാറ്റിലും കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിൽ വൻ നാശനഷ്ടം.നിരവധി വീടുകൾക്കും കാർഷിക വിളകൾക്കും നഷ്ടമുണ്ടായി. വൈദ്യുതി ലൈനിൽ മരങ്ങൾ പൊട്ടി വീണ് നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു. നാഗംപാറയിൽ വാഴക്കൽ ഗംഗാധരന്റെ വീടിന് മുകളിൽ മരം കടപഴുകി വീണ് മേൽക്കൂര പൂർണമായും തകർന്നു. നാഗംപാറ ചൊത്തക്കൊല്ലി അമ്മദിന്റെ വീടിന് മുകളിൽ തേക്ക് മരം പൊട്ടിവീണ് വീട് ഭാഗികമായി തകർന്നു. പൂതംപാറ ഭാഗത്ത് മുകളേൽ സുമതിയുടെ വീടിന്റെ മേൽക്കൂര തകർന്നു. തടത്തിൽ ഷൈനിയുടെ വീടിന് മുകളിൽ തേക്ക് വീണ് ഭാഗികമായും തകർന്നു. ചാത്തൻകോട്ടു നട അഗ്രോ സർവീസ് സെന്ററിന്റെ വർക്ക് ഷെഡ് പൂർണമായും തകർന്നു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് കുണ്ടുതോട് സംസ്കാരിക കേന്ദ്രത്തിന്റെ വരാന്തയിലെ ഷീറ്റ് മരം വീണ് തകർന്നു. പൂതംപാറ ദേവാഗൃഹം നാരായണൻകുട്ടിയുടെ റബറും വാഴയും നശിച്ചു. കായക്കൊടി പഞ്ചായത്തിലെ പട്ടർകുളങ്ങര കണ്ണന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേൽക്കൂര തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുന്നുമ്മൽ രാജന്റെ വീടിന് മുകളിൽ മരം വീണു. മലയോര മേഖലയിൽ നിരവധി കർഷകരുടെ വാഴ, റബർ, തെങ്ങ്, ജാതി, ഗ്രാമ്പു ,മരച്ചീനി തുടങ്ങി നിരവധി കൃഷികൾ കാറ്റിൽ നശിച്ചു.