പേരാമ്പ്ര: ശക്തിയായ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് പേരാമ്പ്ര പഞ്ചായത്ത് അഞ്ചാം വാർഡിലെ ചിരുതകുന്ന്, ഒന്നാം വാർഡിലെ മഞ്ചേരിക്കുന്ന് മേഖലകളിൽ കനത്ത നാശനഷ്ടം. താനിക്കണ്ടി, കിഴക്കൻ പേരാമ്പ്ര മേഖലയിലും വീടുകൾക്കെന്ന പോലെ വിളകൾക്കും നാശമുണ്ടായി . ഇന്നലെ പുലർച്ചെയാണ് സംഭവം. ഈ ഭാഗങ്ങളിൽ എട്ട് മണിക്കൂറിലേറെ വൈദ്യുതി മുടങ്ങി .
ചിരുതകുന്നിലെ കുറ്റിക്കാട്ടിൽ ബാബു, മഞ്ചേരിക്കുന്നിലെ പി.കെ രാജു എന്നിവരുടെ വീടുകൾ തകർന്നു. ചീറിയടിക്കുന്ന കാറ്റിന്റെ ശബ്ദം കേട്ട് ബാബുവും കൂടുംബാംഗങ്ങളും പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ അപകടം ഒഴിവായി. ഓട് മേഞ്ഞ വീടിന്റ രണ്ടാം നിലയിലാണ് മരം പതിച്ചത്. മേൽക്കൂര പൂർണമായും തകർന്നു. വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു. ഒരു ലക്ഷത്തിൽ പരം രൂപയുടെ നഷ്ടം കണക്കാക്കുന്നു . രാജുവിന്റെ വീടിന് 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൃക്ഷങ്ങൾ കട പുഴകി നടുവിള കൃഷിയും നശിച്ചു.