മുക്കം: കൊവിഡ് പേടിയിൽ ചില വീട്ടുകാർ ഉറ്റവരായ പ്രവാസികളെ ആട്ടിയകറ്റിയ സംഭവം വാർത്തയായിരുന്നു. ഇക്കാലത്തും ആരുമല്ലാത്ത ഒരു കുടുംബത്തെ സംരക്ഷിച്ചിരിക്കുകയാണ് മുക്കം കുറ്റിപ്പാല രാജീവ് കോളനിവാസികൾ. ബഹറൈനിൽ നിന്നും തിരിച്ചെത്തിയ വീട്ടുജോലിക്കാരിയായ സൽമിയത്തിനെയും മകനെയുമാണ് 26 ദിവസമായി കോളനിക്കാർ ക്വാറന്റൈനിൽ സംരക്ഷിച്ചത്.

അൻപത് കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ

പാർപ്പിക്കുന്നതിൽ കോളനിവാസികൾക്ക് ആദ്യം ആശങ്കയുണ്ടായിരുന്നു. എന്നാൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി. പ്രശോഭ് കുമാറും കൗൺസിലർ ബിന്ദുവും ഇടപെട്ട് ആശങ്കയകറ്റി എല്ലാവരെയും സൽമിയത്തിന്റെ സഹായികളാക്കി മാറ്റുകയായിരുന്നു. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റു സാധനങ്ങളും ആർ.ആർ.ടി. ചെയർപേഴ്സണായ കൗൺസിലറും അയൽക്കാരുമൊക്കെ ചേർന്ന് എത്തിച്ചു. ആരോഗ്യ വിവരങ്ങളും നിരന്തരം അന്വേഷിച്ചു. ഒടുവിൽ 14 ദിവസത്തെ ക്വാറന്റൈനും തുടർന്ന് 14 ദിവസത്തെ നിരീക്ഷണവും പൂർത്തിയാക്കി. ഏറെ പരാധീനതകൾ നിറഞ്ഞതാണ് കോളനി വാസികളുടെ ജീവിതം. പട്ടയമില്ലാത്തതിനാൽ സർക്കാർ പദ്ധതികളുടെ ആനുകൂല്യങ്ങളൊന്നും ഇവർക്ക് ലഭിക്കാറില്ല. പട്ടയപ്രശ്നം ഉടൻ പരിഹരിക്കുമെന്ന് നഗരസഭ ചെയർമാൻ വി. കുഞ്ഞൻ അറിയിച്ചു. എങ്കിൽ ഭവന പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതിനുള്ള തടസവും നീങ്ങുമെന്ന് നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷും പറഞ്ഞു.