കോഴിക്കോട്. രണ്ടാഴ്ച മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് തടവുചാടിയ ശേഷം പൊലീസിന്റെ പിടിയിലായ നാലു പേരിൽ ഒരാൾ വീണ്ടും രക്ഷപ്പെട്ടു. താമരശേരി അമ്പായത്തോട് മിച്ചഭൂമി കോളനിയിലെ ആഷിഖിനെ (29 ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ സെല്ലിൽ നിന്നു കാണാതാവുകയായിരുന്നു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

ആഷിഖ് ഉൾപ്പെടെ മൂന്നു റിമാൻഡ് പ്രതികളെ തടവുചാടാൻ സഹായിച്ച താനൂർ സ്വദേശി ഷഹൽ ഷാനുവിന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നേരത്തെ പൊലീസ് ആശുപത്രിയിലെത്തിച്ചതായിരുന്നു ഷഹലിനെ. സെല്ലിൽ നിന്ന് പുറത്തുചാടാൻ സഹായിച്ചാൽ ഒപ്പം കൂട്ടാമെന്ന് പ്രലോഭിക്കുകയായിരുന്നു മൂവർ സംഘം.

ബൈക്ക് മോഷണ വീരനായ ആഷിഖിനെ പിന്നീട് വയനാട് റോഡിൽ ലോ കോളേജിനു സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ബൈക്കിൽ നഗരത്തിലേക്ക് വരുന്നതിനിടെ പിന്തുടർന്ന് പിടികൂടുകയായിരുന്നു പൊലീസ് സംഘം.

മറ്റു രണ്ടു പ്രതികളായ നിസാമുദ്ദീൻ, അബ്ദുൽ ഗഫൂർ എന്നിവരെ വയനാട് മേപ്പാടിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും പതിനഞ്ചോളം കേസുകളിൽ പ്രതികളാണ്.

ആഷികിനായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.