കോഴിക്കോട്: മഴ ശക്തമായതോടെ ജില്ലയിൽ വ്യാപക നാശം. പലയിടങ്ങളിലും വെള്ളം കയറി. വയനാട്ടിലും കോഴിക്കോടിന്റെ മലയോരത്തും മഴ കനത്ത് പെയ്തതോടെ ചാലിയാറിലും ഇരുവഞ്ഞിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. മാവൂരിൽ നിരവധി വീടുകളിൽ വെള്ളം കയറി. മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്. വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി. പലയിടത്തും മരം വീണ് വൈദ്യുതി നിലച്ചു.
മുക്കം, തിരുവമ്പാടി, കാരശ്ശേരി, കൊടിയത്തൂർ,
ചെറുവാടി, മാവൂർ എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മുങ്ങിയതോടെ പാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു.
വയനാട്ടിൽ മഴ കനത്തതിനാൽ കോഴിക്കോട് ജില്ലയിലെ ചാലിയാർ, പൂനൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. മേപ്പാടി, പുത്തുമല ഭാഗങ്ങളിൽ മഴ നിർത്താതെ പെയ്താൽ ജില്ലയിലെ മിക്ക പുഴകളിലും ജലനിരപ്പ് ഉയരും.
ചാലിയാറും ഇരുവഞ്ഞിയും ചെറുപുഴയും കരകവിഞ്ഞതോടെ മാവൂരിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലാണ്. മാവൂർ കച്ചേരിക്കുന്നിലെ വീടുകളിൽ വെള്ളം കയറിയതോടെ ഇവിടെയുളളവരെ മാവൂർ ജി.എം.യു.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാക്കി. കുറെ പേർ ബന്ധു വീടുകളിൽ താമസം മാറ്റി.
മാവൂരിൽ പൈപ്പ് ലൈൻ റോഡ്, മണന്തലകടവ് -കൽപ്പള്ളി -ആയംകുളം, തെങ്ങിലക്കടവ് -ആയംകുളം , തെങ്ങിലക്കടവ് -കണ്ണി പറമ്പ് റോഡ് എന്നിവ വെള്ളത്തിലായി.
മുക്കം ചേന്ദമംഗല്ലൂർ റോഡിൽ ഗതാഗതം തടസപ്പെട്ടു. കടകളിലും വെള്ളം കയറി. കൊടിയത്തൂർ- കോട്ടമ്മൽ -കാരാട്ട് റോഡ്, ചെറുവാടി എന്നിവിടങ്ങളും വെള്ളം കയറിയ നിലയിലാണ്.
താമരശ്ശേരിയിൽ മഴയും കാറ്റും തുടരുകയാണ്. പുതുപ്പാടി, കോടഞ്ചേരി ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായി. കോടഞ്ചേരി, ചെമ്പുകടവ് പാലങ്ങൾ മുങ്ങി. മുക്കം -ചേന്ദമംഗല്ലൂർ -പുൽപറമ്പ് റോഡ്, പുൽപറമ്പ് -കൊടിയത്തൂർ റോഡ്, ചൂലൂർ -സങ്കേതം റോഡ്, പുൽപറമ്പ് -നായർ കുഴി റോഡ് ചിറ്റാരി പിലാക്കൽ -കൂളിമാട് റോഡ്, ചെറുവാടി- ചുള്ളിക്കാപറമ്പ് റോഡ് എന്നിവിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. പൂതമ്പാറ, നാഗംപാറ, കുണ്ടുതോട് ഭാഗങ്ങളിൽ മരം വീണ് വീടുകൾക്ക് നാശമുണ്ടായി.
ജില്ലയിൽ ഓറഞ്ച് അലർട്ട്
ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വയനാട്ടിൽ റെഡ് അലർട്ട് തുടരുന്നതിനാൽ കോഴിക്കോടിന്റെ മലയോരത്തുളളവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. രാത്രിയിൽ മഴ ശക്തിപ്പെടാൻ സാധ്യത ഉള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകി.
മലയോരത്തെ രാത്രി ഗതാഗതം പൂർണ്ണമായും ഒഴിവാക്കണം. വൈകീട്ട് ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം നിയന്ത്രിക്കും.
ക്യാമ്പുകൾക്ക് കൊവിഡ്
മാനദണ്ഡം നിർബന്ധം
അതിശക്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുന്നവർ പൂർണ്ണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാവണം.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗ ലക്ഷണമുള്ളവർ, കൊവിഡ് ബാധയാൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാല് തരത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.