കോഴിക്കോട്: കനത്ത മഴയിലും കാറ്റിലും വെളിച്ചം കെടാതിരിക്കാൻ ഓടി നടക്കുന്ന ഒരുകൂട്ടരുണ്ട്, കെ.എസ്.ഇ.ബി ജീവനക്കാർ. കൊവിഡ് കാലത്ത് കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാൻ രാപകലില്ലാതെ രോഗഭീതി മനസിലൊളിപ്പിച്ച് വെളിച്ചത്തിന് കാവൽനിൽക്കുകയാണ് ഇവർ.
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടപ്പോൾ ശക്തമായ കാറ്റിനൊപ്പം കനത്ത മഴയാണ് പെയ്തിറങ്ങിയത്. മലയോരത്തും തീരപ്രദേശങ്ങളിലും ആഞ്ഞുവീശിയ കാറ്റിലും മഴയിലും മരം വീണ് ലൈനുകൾ പൊട്ടിവീണപ്പോൾ ഉറക്കം നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു കെ.എസ്.ഇ.ബി ജീവനക്കാർക്ക്.
കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷനിൽ മാത്രം 500ൽ പരം പരാതികളെത്തി. ലൈൻമാൻമാർ മുതൽ മുതിർന്ന ഉദ്യോഗസ്ഥർ വരെ മൂന്നും നാലും ഗ്രൂപ്പുകളാക്കി രാത്രിയും പകലും പണിപ്പെട്ടാണ് വൈദ്യുതി പുനസ്ഥാപിച്ചത്. രാത്രികാല വൈദ്യുതി പ്രശ്നങ്ങൾ പരിഹരിക്കാൻ മൂന്ന് പേരെ നിർത്തി. കണ്ടെയ്മെന്റ് സോണുകളിൽ ലൈൻ പൊട്ടി വീണാൽ വിവരം നൽകാൻ പോലും ആരുമുണ്ടാവില്ല. ഇത്തരം അവസരങ്ങളിൽ ട്രാൻസ്‌ഫോമറിന് കീഴിലെ ലൈനുകളെല്ലാം പരിശോധിച്ചു വേണം വൈദ്യുതി പുനസ്ഥാപിക്കൽ.
മഴയത്ത് മാസ്കും ഫെയ്സ് ഷീൽഡും ഉപയോഗിച്ചുള്ള ജോലി പ്രയാസകരമാണെങ്കിലും ഇരുട്ടിനെ അകറ്റാനുള്ള ഓട്ടത്തിൽ പ്രതിസന്ധികളെ മറക്കുകയാണിവർ.
കോഴിക്കോട് , ഫറോഖ് , ബാലുശ്ശേരി , വടകര , നാദാപുരം എന്നിങ്ങനെ 5 ഇലക്ട്രിക്കൽ ഡിവിഷനാണ് ജില്ലയിലുള്ളത് . കോഴിക്കോട് ഇലക്ട്രിക്കൽ ഡിവിഷന് കീഴിൽ ലൈൻ സ്റ്റാഫുകളും ഓഫീസ് സ്റ്റാഫുകളുമായി ആയിരത്തിലധികം പേരുണ്ട്.
@ ഫോൺ എടുക്കാത്തതല്ല
വൈദ്യുതി പോയാൽ ആദ്യം കെ.എസ്.ഇ.ബിക്കാരെ തെറിവിളിയാണ്. ഓഫീസിലേക്ക് വിളിച്ച് ഫോണെടുത്തില്ലെങ്കിൽ അരിശം വേറെയും. പക്ഷേ, പലപ്പോഴും കെ.എസ് .ഇ.ബി ഓഫീസുകളിലെ രണ്ട് ഫോണുകൾക്കും വിശ്രമമുണ്ടാകാറില്ലെന്ന് ആരും ഓർക്കാറില്ല. കാറ്റിലും മഴയിലും വൈദ്യുതി പോയാൽ നൂറുകണക്കിന് കോളുകളാണ് ഇവിടെയെത്തുന്നത്. പോസ്റ്റ് നമ്പറും കൺസ്യൂമർ നമ്പറും പറയുന്നതിനപ്പുറം ബുദ്ധിമുട്ടുകൾ വിവരിക്കുന്നവരാണ് ഭൂരിഭാഗവും. ഫോൺ കോൾ പരാതികൾ സ്വീകരിക്കാൻ രണ്ട് പേരാണ് ഓരോ കെ.എസ്.ഇ.ബി ഓഫീസിലുമുള്ളത് .
@പ്രളയ മുൻകരുതലുകൾ
മുൻ വർഷങ്ങളിലെ പ്രളയ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ പലതരം സുരക്ഷാ സജ്ജീകരണങ്ങളാണ് കെ എസ് .ഇ.ബി നടത്തുന്നത് .
@ വെള്ളം കയറാൻ സാദ്ധ്യതയുള്ള ട്രാൻസ്ഫോമറുകൾ ഉയർത്തുന്ന ജോലികൾ പുരോഗമിക്കുന്നു
@ ആർ .എം .യു ( വൈദ്യുത പവർ വിതരണ സംവിധാനം ) ഉയർത്തുന്ന ജോലികൾ
@ ഫ്യൂസ് യൂണിറ്റുകളുടെ നിർമ്മാണം
@ ഉയർത്താൻ സാധിക്കാത്ത ആർ.എം.യു മാറ്റി സ്ഥാപിക്കൽ
" നിരവധി പരാതികളാണ് ഓരോ യൂണിറ്റുകളിലും എത്തുന്നത്. വേഗത്തിൽ പരാതികൾ തീർത്ത് ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകാൻ ശ്രമിക്കാറുണ്ട് . എളുപ്പത്തിൽ എത്താൻ കഴിയാത്ത പ്രദേശങ്ങളിൽ മാത്രമാണ് വൈദ്യുതി മുടക്കം നീളുന്നത് " -കോഴിക്കോട് ഡിവിഷൻ ഇലക്ട്രിക് എക്സിക്യൂട്ടർ