കുന്ദമംഗലം: ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ 140 പേരെ ഉൾകൊളളുന്ന മൂന്നാമത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ കൂടി ഒരുങ്ങിയതോടെ 1000 കൊവിഡ് രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യമായി. എൻ.ഐ.ഇ.എൽ.ടി ഹോസ്റ്റലിൽ ആരംഭിച്ച മൂന്നാമത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപുലമായ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 4 ഡോക്ടർമാർ, 3 സ്റ്റാഫ് നഴ്സ്, 2 മെഡിക്കൽ വോളണ്ടിയർമാർ, 2 ക്ലീനിംഗ് സ്റ്റാഫ് എന്നിവരെ നിയോഗിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായ കുറഞ്ഞ ലക്ഷണം പ്രകടിപ്പിക്കുന്നവരെയാണ് സി.എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിക്കുന്നത്. എൻ.ഐ.ടി കോമ്പൗണ്ടിലെ എം.ബി.എ ഹോസ്റ്റലിൽ 300 പേരെയും മെഗാ ബോയ്സ് ഹോസ്റ്റലിൽ 560 പേരെയും ചികിത്സിക്കാനുളള സൗകര്യമാണുളളത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ബീന അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ഡി.എം.ഒ ഡോ. എൻ. രാജേന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ എന്നിവർ പ്രസംഗിച്ചു. നോഡൽ ഓഫീസർ ഡോ. പി.എസ് സുനിൽകുമാർ സ്വാഗതവും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.പി.രാജീവ് നന്ദിയും പറഞ്ഞു.