കൽപ്പറ്റ: കാലവർഷം രൂക്ഷമായതിനാൽ കരകവിഞ്ഞൊഴുകുന്ന പനമരം പുഴ, മാനന്തവാടി പുഴ എന്നിവയുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാർപ്പിക്കാൻ ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തിൽ തീരുമാനിച്ചു. പുഴകളിൽ വെള്ളം ഇനിയും ഉയരാൻ സാധ്യതയുണ്ട്.

ജില്ലയിലെ എല്ലാ പുഴകളും ഇപ്പോൾ കരകവിഞ്ഞാണ് ഒഴുകുന്നതെന്നതിനാൽ ഇവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടർ അഭ്യർഥിച്ചു.

മുത്തങ്ങ പുഴയിൽ ജലനിരപ്പുയരുന്നതിനാൽ മുത്തങ്ങ വഴിയുള്ള യാത്രകൾ ആഗസ്റ്റ് 9 വരെ പരമാവധി ഒഴിവാക്കണം. അത്യാവശ്യ യാത്രക്കാർ അപകട സാധ്യത മുൻകൂട്ടി മനസ്സിലാക്കി വേണം യാത്ര തുടങ്ങാൻ. ബദൽ വഴികൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പേരിയ ഭാഗത്ത് മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ ഇവിടം താമസിക്കുന്നവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

കാരാപ്പുഴ, ബാണാസുര ഡാമുകളിൽ അകടകരമായ സ്ഥിതിവിശേമില്ലെന്ന് യോഗം വിലയിരുത്തി. കാരാപ്പുഴയിൽ മൂന്ന് ഷട്ടറുകൾ 15 സെന്റർ മീറ്റർ വീതം ഉയർത്തി അളവ് നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

വൈദ്യുതി വിതരണ ശൃംഖലയിലെ തടസ്സങ്ങൾ പരിഹരിക്കാൻ കെ.എസ്.ഇ.ബിയുടെ മുഴുവൻ ടീമും മുഴുസമയം പ്രവർത്തന സജ്ജമാണ്. ആശുപത്രികൾ ഉൾപ്പെടെ ജനറേറ്ററുകൾ സജ്ജമാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. മൊബൈൽ ടവർ ഓപ്പറേറ്റർമാർ 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ജനറേറ്ററുകൾ സജ്ജമാക്കണമെന്നു നിർദ്ദേശം നൽകി. ഇന്ധന ലഭ്യത ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തും. പെട്രോൾ ബങ്കുകൾ ആവശ്യത്തിന് സ്‌റ്റോക്ക് കരുതണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ജില്ലയിലേക്ക് കൂടുതൽ ജനറേറ്ററുകൾ എത്തിക്കുന്നതിന് നടപടി സ്വീകരിക്കും.

ബോട്ടുകൾ കൈവശമുള്ളവർ അവ തയ്യാറാക്കി വെക്കണം. എല്ലാ ആശുപത്രികളും അത്യാഹിതങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ നടത്തണം. നിലവിൽ കോവിഡ് ചുമതലയിലുള്ളതാണെങ്കിലും ബേസിക് ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട് ആംബുലൻസുകളുടെ ലഭ്യത ഉറപ്പാക്കും.

ആശുപത്രികൾ ഉൾപ്പെടെ ജനറേറ്ററുകൾ സജ്ജമാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. മൊബൈൽ ടവർ ഓപ്പറേറ്റർമാർ 24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കുന്നതിനുള്ള ജനറേറ്ററുകൾ സജ്ജമാക്കണമെന്നു നിർദ്ദേശം നൽകി.

ബോട്ടുകൾ കൈവശമുള്ളവർ അവ തയ്യാറാക്കി വെക്കണം. . നിലവിൽ കോവിഡ് ചുമതലയിലുള്ളതാണെങ്കിലും ബേസിക് ലൈഫ് സപ്പോർട്ടുമായി ബന്ധപ്പെട്ട് ആംബുലൻസുകളുടെ ലഭ്യത ഉറപ്പാക്കും.

കാലവർഷക്കെടുതികളുമായി ബന്ധപ്പെട്ട് 75 ഫോണുകൾ അഗ്നി രക്ഷാ സേനയ്ക്ക് ലഭിച്ചതായി ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, സബ് കലക്ടർ വികല്പ് ഭരദ്വാജ്, അസി. കലക്ടർ ഡോ. ബൽപ്രീത് സിംഗ്, ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോ, എ.ഡി.എം. മുഹമ്മദ് യൂസുഫ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കാരാപ്പുഴ, ബാണാസുര ഡാമുകളിൽ അപകടകരമായ സ്ഥിതിയില്ല

കാരാപ്പുഴയിൽ മൂന്ന് ഷട്ടറുകൾ 15 സെന്റർ മീറ്റർ വീതം ഉയർത്തി

ബീച്ചനഹള്ളി ഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കുന്നു

കെ.എസ്.ഇ.ബി മുഴുവൻ സമയം പ്രവർത്തന സജ്ജം

ഇന്ധന ലഭ്യത ജില്ലാ ഭരണകൂടം ഉറപ്പു വരുത്തും

പെട്രോൾ ബങ്കുകൾ ആവശ്യത്തിന് സ്‌റ്റോക്ക് കരുതണം

ജില്ലയിലേക്ക് കൂടുതൽ ജനറേറ്ററുകൾ എത്തിക്കും

ആശുപത്രികൾ അത്യാഹിതങ്ങൾ നേരിടാൻ ഒരുക്കം നടത്തണം


20 ഹെക്ടർ കൃഷിഭൂമി വെള്ളത്തിനടിയിൽ

കൽപ്പറ്റ: ജില്ലയിൽ ഇതിനകം 20 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായതായി പ്രിൻസിപ്പൽ കൃഷി ഓപീസർ അറിയിച്ചു. വെള്ളം ഒഴിഞ്ഞുപോയ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാനാവൂ. 10 ഹെക്ടർ നെൽകൃഷിയും 17,500 വാഴകളും 125 റബ്ബർ മരങ്ങളും നശിച്ചിട്ടുണ്ട്.


ക്യാമ്പുകളിൽ കഴിയുന്നവർ പുറത്ത് പോകരുത്

കാലവർഷക്കെടുതികളുടെ ഭാഗമായി ക്യാമ്പുകളിലേക്ക് താമസം മാറിയവർ പുറത്തിറങ്ങി നടക്കുന്ന സ്ഥിതി ഉണ്ടാകരുതെന്ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുല്ല കർശന നിർദ്ദേശം നൽകി. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകളിൽ കഴിയേണ്ടത്.

ആവശ്യമായ വസ്തുക്കൾ ക്യാമ്പുകളിൽ തന്നെ ലഭ്യമാക്കാൻ പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. മാസ്‌ക്കുകൾ, സാനിറ്റൈസറുകൾ, സോപ്പ്, എലിപ്പനിക്കുള്ള മരുന്ന് മുതലായവ ലഭ്യമാക്കണം. റേഡിയോയും അനൗൺസ്‌മെന്റ് സംവിധാനവും ഒരുക്കണം. ക്യാമ്പുകളിൽ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കും.

രണ്ട് രക്ഷാബോട്ടുകൾ കൈമാറി

പ്രളയ ദുരന്ത നിവാരണത്തിന് കരുത്തേകാൻ അഗ്നി രക്ഷാസേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ബോട്ടുകൾ. ജലവിതാനത്തിന് മുകളിൽ രക്ഷാ പ്രവർത്തനം നടത്താൻ രണ്ടു രക്ഷാബോട്ടുകളാണ് ജില്ലാപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിയിൽ വാങ്ങി നൽകിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ബോട്ടുകളടക്കമുള്ള സംവിധാനങ്ങൾ ഇതര ജില്ലകളിൽ നിന്നാണ് എത്തിയത്. മഴക്കാലമായതോടെ വെള്ളം കയറി ഒറ്റപ്പെട്ടു പോകുന്ന ഗ്രാമങ്ങളിൽ രക്ഷാപ്രവർത്തന ദൗത്യത്തിലേക്ക് ഇനി മുതൽ ഈ ഡിങ്കി ബോട്ടുകൾ കുതിച്ചെത്തും. എട്ടു മുതൽ പത്ത് വരെ ആളുകൾക്ക് ഒരേ സമയം സഞ്ചരിക്കാൻ കഴിയുന്നതും എഞ്ചിൻ ഘടിപ്പിക്കാവുന്നതുമാണ് ഈ ബോട്ടുകൾ. കുത്തൊഴുക്കിലൂടെ മുന്നേറി അതിവേഗ രക്ഷാ പ്രവർത്തനത്തിന് ഈ ബോട്ടുകൾ ഉപയോഗിക്കാം. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പം കഴിയും. ഏഴര ലക്ഷം രൂപ വീതം ചെലവ് വരുന്ന ബോട്ടുകളും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും മഹാരാഷ്ട്രയിൽ നിന്നാണ് കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിച്ചത്.

സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തി സംസ്ഥാനത്ത് ആദ്യത്തെ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിച്ചത് വയനാട് ജില്ലാപഞ്ചായ ത്താണ്. പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രത്യേകം ദുരന്തനിവാരണ സേന രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ദുരന്ത നിവാരണ പദ്ധതിയ്ക്ക് 25 ലക്ഷം രൂപയാണ് വയനാട് ജില്ലാ പഞ്ചായത്ത് നീക്കിവെച്ചത്. അഞ്ഞൂറോളം പേരാണ് നിലവിൽ ജനകീയ ദുരന്ത നിവാരണ സേനയിലുളളത്. ഇവർക്ക് അഗ്നി ശമന രക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശീലനവും നൽകിയിരുന്നു. അടിയന്തര സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് സഹായകരമാകുന്ന ബോട്ടുകളും വിവിധ ഉപകരണങ്ങളും പദ്ധതിയിലൂടെ വാങ്ങി നൽകുന്നതിന്റെ ഭാഗമായാണ് അഗ്നി ശമന രക്ഷാ സേനയ്ക്ക് ബോട്ടുകൾ നൽകിയത്.

(ചിത്രം)

*കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകൾ നൽകി*

കൽപ്പറ്റ: ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് വയനാട് ജില്ലാ അസോസിയേഷൻ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ബെഡ്ഷീറ്റുകൾ നൽകി. ബെഡ്ഷീറ്റ് വിതരണത്തിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എൽ.എ ഒ.ആർ. കേളു നിർവ്വഹിച്ചു. മാനന്തവാടി ജില്ലാ കൊവിഡ് ആശുപത്രിയിലേക്ക് 100 ബഡ്ഷീറ്റുകൾ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശിന് കൈമാറി.

ജില്ലയിലെ സ്‌കൗട്ട് ആൻഡ് ഗൈഡ് അദ്ധ്യാപകരും കുട്ടികളും ചേർന്നാണ് ബെഡ്ഷീറ്റ് വാങ്ങുന്നതിന് ആവശ്യമായ തുക സമാഹരിച്ചത്. 100 പി.പി.ഇ കിറ്റുകൾ, 10,000 മാസ്‌ക്കുകൾ, വിവിധ കേന്ദ്രങ്ങളിൽ സാനിറ്റൈസർ, കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ഭക്ഷ്യവസ്തുക്കൾ, ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന എന്നിവയും ഇവർ നൽകിയിട്ടുണ്ട്. രക്തദാനക്യാമ്പും സംഘടിപ്പിച്ചിരുന്നു.

സ്‌കൗട്ട്സ് ഗൈഡ്സ് ജില്ലാ കമ്മീഷണർ ഫാദർ വിൽസൺ പുതുശ്ശേരി, ജില്ലാ ട്രെയ്നിംഗ് കമ്മീഷണർ എ. ഇ. സതീഷ് ബാബു, ഹയർസെക്കൻഡറി കോഡിനേറ്റർ സുഭാഷ് അഗസ്റ്റിൻ, ജില്ലാ സെക്രട്ടറി മനോജ് മാത്യു എന്നിവർ പങ്കെടുത്തു.

(ചിത്രം)


വയനാട് ജില്ലാ സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷന്റെ വക കൊവിഡ് ആശുപത്രിയിലേക്കുള്ള ബെഡ്ഷീറ്റുകൾ ഒ.ആർ. കേളു എം.എൽ.എ ആശുപത്രി സൂപ്രണ്ട് ഡോ. ദിനേശന് നൽകുന്നു.