കോഴിക്കോട്: ഗവ. ബീച്ച് ജനറൽ ആശുപത്രി പത്ത് മുതൽ സമ്പൂർണ കൊവിഡ് ആശുപത്രിയായി മാറും. കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം. 322 പേരെ ഒരേ സമയം ചികിത്സിക്കാനാകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇവിടെ കിടത്തി ചികിത്സയിലുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുകയാണ്. ഒ.പി വിഭാഗം ജനറൽ ആശുപത്രി നഴ്‌സിംഗ് കോളേജിലേക്കും കാരപ്പറമ്പിലെ ഹോമിയോ മെഡിക്കൽ കോളേജിലേക്കുമാണ് മാറ്റുക. സമ്പൂർണ കൊവിഡ് ആശുപത്രിയാകുന്നതോടെ 98 ഡോക്ടർമാരുടെയും 300 നഴ്‌സുമാരുടെയും സേവനം ആവശ്യമുണ്ട്. രോഗികൾ വർദ്ധിക്കുന്നതിന് അനുസരിച്ച് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം വഴി ആരോഗ്യ പ്രവർത്തകരെ താത്ക്കാലികമായി നിയമിക്കും. 13 ലക്ഷം രൂപ ചെലവ് വരുന്ന മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം ഐ.സി.യു കിടക്കകൾ, മൾട്ടി പാരാ മോണിറ്റർ, മൊബൈൽ എക്‌സ്‌റേ, ഇൻഫ്യൂഷൻ പമ്പ്, എ.ബി.ജി ഇ.സി.ജി മെഷീനുകൾ തുടങ്ങി സ്വകാര്യ ആശുപത്രിയോട് കിടപിടിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുമായാണ് ജനറൽ ആശുപത്രി സമ്പൂർണ കൊവിഡ് ചികിത്സാ കേന്ദ്രമായി മാറുന്നത്.