വെള്ളമുണ്ട: തരുവണ ഏഴാംമൈലിൽ കാർ വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു. ബുധനാഴ്ച രാത്രിയിലാണ് അപകടം. പുനത്തിക്കണ്ടി അമ്മദിന്റെ വീട്ട് മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. അപകടത്തിന് തൊട്ടുമുമ്പ് വരെ മുറ്റത്ത് വീട്ടുകാരുണ്ടായിരുന്നു. മുറ്റത്ത് നിന്ന് രണ്ട് മീറ്ററോളം ഉയരത്തിലാണ് റോഡ്.

പത്ത് കോടിയിലധികം രൂപ ചെലവഴിച്ച് നവീകരണം പൂർത്തിയാക്കിയ തരുവണ മക്കിയാട് റോഡിൽ സുരക്ഷാ സംവിധാനമൊരുക്കാത്തതാണ് അപകടങ്ങൾക്കിടയാക്കുന്നത്. നവീകരണസമയത്ത് വാഹനങ്ങൾ താഴേക്ക് വീഴുന്നത് തടയാൻ സുരക്ഷാസംവിധാനമൊരുക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. റോഡിന്റെ പലഭാഗങ്ങളും ഇത്തരത്തിലാണ്. റോഡിലേക്ക് തള്ളിനിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റിയെങ്കിലും വലിയവേരുകൾ നീക്കം ചെയ്തിട്ടില്ല.ഇത്തരം ഭാഗങ്ങളിൽ അപായസൂചനാ ബോർഡുകൾ സ്ഥാപിച്ച് കരാറുകാരൻ പോവുകയായിരുന്നു.