സുൽത്താൻ ബത്തേരി: മൂന്ന് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിതുടങ്ങിയതോടെ 93 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി 19-ലെ അടിവാരത്തുള്ള 18 ഗോത്ര വർഗ്ഗ കുടുംബങ്ങളെയും പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലിയിലെ 18 കുടുംബങ്ങളെയുമാണ് മാറ്റി പാർപ്പിച്ചത്.
കഴിഞ്ഞ വർഷം മണ്ണിടിച്ചിൽ ഉണ്ടായ എടക്കൽ ഗുഹ സ്ഥിതിചെയ്യുന്ന മലഞ്ചെരുവിൽ മണ്ണിടിച്ചിൽ ഭീഷണി നില നിൽക്കുന്നതിനാൽ പ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി.
നൂൽപ്പുഴ പഞ്ചായത്തിലെ കാക്കത്തോട് കരകവിഞ്ഞതോടെ ചാടകപുര കോളനിയിലെ 41 കുടുംബങ്ങളെ ഇവർക്കായി പള്ളിവയലിൽ നിർമ്മിക്കുന്ന വീടുകളിലേക്ക് മാറ്റി. വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്.
നൂൽപ്പുഴ കരകവിഞ്ഞ് മൂക്കൂത്തികുന്ന് പുത്തൂർ കോളനിയിലെ ആറ് കുടുംബങ്ങളെ സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി. കടമാൻതോട് കര കവിഞ്ഞതിനെ തുടർന്ന് പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ 28 കുടുംബങ്ങളിലെ 68 പേരെ പുൽപ്പള്ളി വിജയ സ്‌കൂളിലേക്ക് മാറ്റി.
അമ്പുകുത്തി അടിവാരത്തെ 72 പേരെയാണ് മുൻകരുതൽ എന്ന നിലയിൽ അമ്പുകുത്തി ഗവ.എൽപി സ്‌കൂളിലേക്ക് മാറ്റിയത്. ഇവിടെ മലയടിവാരത്തിൽ താമസിക്കുന്ന അറുപതോളം കുടുംബങ്ങൾക്ക് ജാഗ്രത നിർദ്ദേശവും നൽകി. ഇവരോട് ബന്ധു വീടുകളിലേക്ക് മാറാനും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അമ്പുകുത്തി മരനിരകളിൽ ചെറുതും വലുതുമായി പന്ത്രണ്ടോളം മണ്ണിടിച്ചിലാണ് ഉണ്ടായത്. മലയിൽ രണ്ട് കിലോമീറ്റർ ദൂരം മണ്ണിടിഞ്ഞ് വലിയ പാറക്കല്ലുകളടക്കം കുത്തിയൊലിച്ചുപോയി.
കഴിഞ്ഞ തവണ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം രണ്ട് മാസം മുമ്പ് വൻ വിള്ളൽ ഉണ്ടായിരുന്നു. മഴക്കാലം ശക്തമാകുന്നതോടെ ഇവിടെ മണ്ണിടിച്ചിലിന് കാരണമാകുമെന്നും, അടിവാരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു.
0053 - കനത്തമഴയിൽ ഇന്നലെ ബത്തേരിയിലെ എം.ജി റോഡിൽ വെള്ളം കയറിയപ്പോൾ