kuttiadi
കുറ്റ്യാടി ടൗൺ

കുറ്റ്യാടി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുറ്റ്യാടി ടൗണിലും പരിസരങ്ങളിലും ക്രമീകരണം കൊണ്ടുവരാൻ കുറ്റ്യാടി ഗ്രാമപഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനം. ടൗണിലേക്ക് മാത്രമായി വരുന്നവയും കുറ്റ്യാടിയിൽ സർവീസ് നടത്തുന്നവയുമായ പ്രൈവറ്റ്, ടാക്‌സി വാഹനങ്ങൾ ഒറ്റ, ഇരട്ട അക്കം ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ ടൗണിൽ പ്രവേശിക്കാൻ പാടുളളൂ. മരുതോങ്കര റോഡിൽ ബൈക്ക് ഉൾപ്പെടെ ഒരു വാഹനവും നിർത്തിയിടാൻ പാടില്ല. (സർവീസ് നടത്തുന്ന ജീപ്പ്, ഓട്ടോറിക്ഷ ഒഴികെ ) പ്രധാന റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ നിർത്തിയിടരുത്. പച്ചക്കറി മൊത്ത കച്ചവടക്കാർ ഓർഡർ മുൻകൂട്ടി വാങ്ങി പാർസൽ സർവീസായി വിൽപ്പന നടത്തണം. പച്ചക്കറി വാങ്ങാൻ വരുന്നവരെ കടയ്ക്കുളളിൽ പ്രവേശിപ്പിക്കരുത്. കച്ചവട സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നവർ സാമൂഹ്യ അകലം ഉറപ്പുവരുത്തണം. കുറ്റ്യാടി ടൗണിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ വോളണ്ടിയർമാരുടെ പ്രവർത്തനം വിപുലപ്പെടുത്താനും തീരുമാനമായി. കടകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ വൈകീട്ട് 6 മണി വരെയാക്കി.