img302008
ചേന്ദമംഗല്ലൂർ പുൽപറമ്പിലെ പ്രകൃതി ചികിത്സ കേന്ദ്രത്തിൽ നിന്ന് രോഗികളെ മാറ്റുന്നു

മുക്കം: കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നൽകിയ മുന്നറിയിപ്പുകൾ പരിഗണിച്ച് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പ്രാദേശിക ഭരണകൂടം മുൻകരുതൽ സ്വീകരിച്ചതിനാൽ മലയോരത്തിന് കാലവർഷത്തിൽ കാര്യമായ പരിക്കേറ്റില്ല. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നെങ്കിലും മുക്കത്ത് ആശങ്കപ്പെട്ട പോലെ വെള്ളപ്പൊക്കമോ വ്യാപകമായ ഒഴിപ്പിക്കലോ ഉണ്ടായില്ല. താഴ്ന്ന പ്രദേശത്തുള്ള ചേന്ദമംഗല്ലൂർ പുൽപറമ്പ് അങ്ങാടിയിൽ വെള്ളം കയറി. അങ്ങാടിക്കടുത്തുള്ള പ്രകൃതി ചികിത്സ കേന്ദ്രത്തിൽ നിന്ന് മുൻ കരുതലായി രോഗികളെ മാറ്റി പാർപ്പിച്ചു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴയ്ക്ക് ശക്തി കുറയുകയായിരുന്നു. വൈകീട്ടോടെ ചാലിയാറിൽ ജലനിരപ്പ് താഴാൻ തുടങ്ങിയത് ഇരുവഞ്ഞിപുഴയിലും കൈവഴികളിലും വെള്ളം ഇറങ്ങാൻ ഇടയാക്കിയിട്ടുണ്ട്. മരങ്ങൾ ഒടിഞ്ഞു വീണും മറ്റും വീടുകൾക്ക് ഭാഗികമായി കേടുപാടു സംഭവിക്കുന്നതും നിരന്തരമായ വൈദ്യുതി മുടക്കവും ഒഴിച്ചാൽ വലിയ കെടുതികളാെന്നും സംഭവിക്കാത്തതിന്റെ ആശ്വാസത്തിലാണ് മലയോരം. പ്രധാന റോഡുകളൊന്നും വെള്ളം കയറി ഗതാഗതം തടസപെട്ടില്ലെങ്കിലും ചില പോക്കറ്റ് റോഡുകളെ മഴ ബാധിച്ചു. വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ബന്ധു വീടുകളിലേയ്ക്കോ മാറണമെന്ന് കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിരുന്നു.