പുൽപ്പള്ളി : പുൽപ്പള്ളി പള്ളിചിറയിൽ കടുവ പശു കിടാവിനെ കൊന്നു. ചങ്ങമ്പം രാമകൃഷ്ണന്റെ രണ്ടു വയസ് പ്രായമുള്ള കിടാവിനെയാണ് കടുവ കൊന്നത്. ബുധനാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം. തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിയുടെ കരച്ചിൽ കേട്ട് വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. ഒരാഴ്ച്ച മുമ്പ് രാമകൃഷ്ണന്റെ മറ്റൊരു പശുകിടാവിനെ കടുവ കൊന്നിരുന്നു. പകൽ മേയ്ക്കാൻ വിട്ട പശുകിടാവിനെയാണ് പിടികൂടിയത്. ഇവിടെ കടുവ ശല്യം വർധിച്ചതായി കർഷകർ പറയുന്നു. പ്രദേശത്ത് കടുവയെ നിരീക്ഷിക്കാനായി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ചെതലയത്ത് റേഞ്ച് ഓഫീസർ ശശികുമാറിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തി.