mayookha
മയൂഖ

നാദാപുരം: ചെക്യാട് ചെറുവരത്താഴ തോട്ടിലേക്ക് വീണ മൂന്ന് വയസുകാരന് ജീവൻ തിരിച്ചുനൽകി ഒമ്പത് വയസുകാരി. വളയം പഞ്ചായത്തിലെ വേങ്ങോൽ മനോജൻ - പ്രേമ ദമ്പതികളുടെ മകൾ മയൂഖയാണ് വേങ്ങോൽ മൂസ- സക്കീന ദമ്പതികളുടെ ഇളയ മകനായ മുഹമ്മദിന്റെ ജീവൻ രക്ഷിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് വീടിനടുത്തെ തോട്ടിൽ ചേച്ചിയോടൊപ്പം കുളിക്കുകയായിരുന്നു മയൂഖ. സഹോദരങ്ങൾ കുളിക്കാൻ തോട്ടിലേക്ക് പോയപ്പോൾ വീട്ടുകാരറിയാതെ മുഹമ്മദും പോവുകയായിരുന്നു. മുഹമ്മദ് വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട മയൂഖ വെള്ളത്തിലേക്ക് ചാടി. കുട്ടികൾ ബഹളം വച്ചതോടെ നാട്ടുകാരുമെത്തി. ചെക്യാട് ഈസ്റ്റ് എൽ.പി.സ്‌കൂൾ നാലാംതരം വിദ്യാർത്ഥിനിയായ മയൂഖയെ തേടി നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് അഭിനന്ദനപ്രവാഹമാണ്.