കോഴിക്കോട് : അതിതീവ്ര മഴയും ഒറ്റപ്പെട്ട അതിശക്തമായ മഴ വ്യാപകമായി ലഭിക്കാൻ സാധ്യതയുളള സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും തയ്യാറെടുപ്പുകൾ പൂർത്തീകരിച്ച് അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഏതാനും ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാദ്ധ്യതയുണ്ട്. മഴ ഏത് സമയം വേണമെങ്കിലും ശക്തിപ്പെട്ടേക്കാം.
രാത്രി സമയങ്ങളിൽ മഴ ശക്തിപ്പെടുന്ന സാഹചര്യം കാണുന്നതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ മുൻകരുതലിനായി പകൽ സമയം തന്നെ നിർബന്ധപൂർവം ആളുകളെ മാറ്റി താമസിപ്പിക്കേണ്ടതാണ്. മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണം. വൈകീട്ട് 7 മുതൽ പകൽ 7 വരെയുള്ള സമയത്തുള്ള മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം ഒഴിവാക്കണം.

24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുവാൻ സാദ്ധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വെക്കേണ്ടതാണ്. ക്യാമ്പുകൾ സജ്ജമാക്കേണ്ടത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടായിരിക്കണം. ഫയർ ആൻഡ് റെസ്‌ക്യൂ സേനയും സിവിൽ ഡിഫെൻസും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജരായി ഇരിക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. .

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണും, ചില്ലകൾ ഒടിഞ്ഞു വീണും, പോസ്റ്റുകൾ തകർന്നും വൈദ്യുത കമ്പികൾ പൊട്ടാനും ഷോക്കേറ്റ് ആളുകൾക്ക് അപകടം സംഭവിക്കാനുമുള്ള സാധ്യതയുളളതായും കളക്ടർ മുന്നറിയിപ്പു നൽകി.

.