പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷിക തലേന്ന്

മേപ്പാടി: കഴിഞ്ഞ വർഷം പുത്തുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് പാഠം ഉൾകൊണ്ട തദ്ദേശ സ്വയംഭരണ വകുപ്പും റവന്യു വകുപ്പും ഉണർന്നെഴുന്നേറ്റതോടെ ഒരു വൻ ദുരന്തം ഒഴിവാക്കാനായി. ഇന്നലെ ഉരുൾപൊട്ടൽ നടന്ന പുഞ്ചിരിമട്ടത്തെ നൂറ്കണക്കിന് ആളുകളെയാണ് നാല് ദിവസം മുമ്പ് തന്നെ മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്.
പുത്തുമല ദുരന്തത്തിന്റെ ഒന്നാം വാർഷിക തലേന്ന് തന്നെയാണ് മുണ്ടക്കൈയിലെ പുഞ്ചിരിമട്ടത്ത് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്.

കഴിഞ്ഞ തവണത്തെ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് ആളുകൾ ഇനിയും മുക്തമായിട്ടില്ല. അതിനിടെയാണ് വീണ്ടും മുണ്ടക്കൈയിൽ ഉരുൾപൊട്ടിയത്.

ദുരന്ത സാധ്യത പ്രദേശങ്ങൾ മുൻകൂട്ടി കണ്ട പഞ്ചായത്ത്, ദുരന്ത നിവാരണസേനയുടെ മുന്നറിയിപ്പ് ലഭിച്ചയുടൻ തന്നെ ഇവിടങ്ങളിലുള്ള കുടുംബങ്ങളോട് സുരക്ഷിത സ്ഥാനത്തേക്കോ ബന്ധു വീടുകളിലേക്കോ മാറാൻ ആവശ്യപ്പെട്ടിരുന്നു.
നാല് ദിവസം മുമ്പ് തന്നെ പുഞ്ചിരിമട്ടത്തെ നൂറോളംപേരെ ബന്ധു വീടുകളിലേക്കും മറ്റുമായി മാറ്റുകയുണ്ടായി. ഇപ്പോൾ ഉരുൾപെട്ടലുണ്ടായ സ്ഥലത്തെ 13 കുടുംബങ്ങളെ രണ്ട് ദിവസം മുമ്പ് തന്നെ പൂർണമായും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിതിരുന്നു.

റാണിമലയിലെ 15 കുടുംബങ്ങളെയും ഇതോടൊപ്പം തന്നെ മാറ്റി താമസിപ്പിച്ചു. പ്രദേശത്തെ നൂറ്റിയമ്പതോളം പേരെ മാറ്റി താമസിപ്പിക്കുകയും മറ്റുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു.

ഇന്നലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ രണ്ട് വീടുകളാണ് പൂർണമായും തകർന്നത്. ഇവിടെയുള്ള ആളുകളെല്ലാം സുരക്ഷിതകേന്ദ്രങ്ങളിലേക്ക്‌ മാറിയതിനാൽ വൻ ദുരന്തം ഒഴിവായി.
ഉരുൽപൊട്ടലിൽ മുണ്ടക്കൈയിലെ രണ്ട് പാലങ്ങളാണ് ഒലിച്ചുപോയത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലങ്ങളാണിത്. പാലം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ട പ്രദേശവാസികളെ വടംകെട്ടിയും മാറ്റുമാണ് ദുരന്തമേഖലയിൽ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. മൂന്നര പതിറ്റാണ്ട് മുമ്പാണ് നിരവധി പേരുടെ ജീവനെടുത്ത മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടലുണ്ടായത് .