കൽപ്പറ്റ: അതിതീവ്ര മഴയ്ക്ക് സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച സാഹചര്യത്തിൽ (റെഡ് അലർട്ട്) പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 24 മണിക്കൂറിൽ 204.5 മി.മി യിൽ കൂടുതൽ മഴ ലഭിക്കാനുളള സാധ്യതയുളളതിനാൽ മലയോര മേഖലയിലുളളവർ രാത്രി ഗതാഗതം പൂർണ്ണമായി ഒഴിവാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ടുകൊണ്ടുളള മുൻകരുതലുകളും സ്വീകരിക്കണം. മാറി താമസിക്കേണ്ട ഇടങ്ങളിലുളളവർ അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണം. നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽ്ഫിയെടുക്കയോ കൂട്ടംകൂടി നിൽക്കുകയോ ചെയ്യരുത്. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം.
സർക്കാർ ഓഫീസുകൾ അവധി ദിവസങ്ങളിലും
കൽപ്പറ്റ: ജില്ലയിൽ മഴക്കെടുതി രൂക്ഷമാകുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന സാഹചര്യത്തിലും വിവിധ വകുപ്പുകളുടെ പ്രവർത്തനം ഉറപ്പുവരുത്തുന്നതിനായി ഇനിയൊരുത്തരവ് വരെ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും അവധി ദിവസങ്ങളിൽ ഉൾപ്പെടെ തുറന്ന് പ്രവർത്തിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള നിർദ്ദേശം നൽകി. ദുരന്തനിവാരണ നിയമ പ്രകാരമാണ് ഉത്തരവ്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ ഉൾപ്പെടുന്ന വകുപ്പുകൾക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല. ജില്ലാതല ഓഫീസർമാർ തങ്ങളുടെ പരിധിയിലുള്ള ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നെന്ന് ഉറപ്പ് വരുത്തണം. ജില്ലാ കലക്ടറുടെ മുൻകൂർ അനുമതി വാങ്ങാതെ ജില്ലാതല ഉദ്യോഗസ്ഥർ ജില്ല വിട്ട് പോകാൻ പാടില്ല.
കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതലത്തിൽ കളക്ട്രേറ്റ് കേന്ദ്രീകരിച്ചും താലൂക്ക് ഓഫീസുകളിലും കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.