കുറ്റ്യാടി: ഇത്തവണ കാലവർഷം നേരത്തേ എത്തിയത് കുറ്റ്യാടിയിലെ പുഴയോരവാസികളെ ആശങ്കയിലാക്കുന്നു. വയനാടൻ മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന കടന്തറ പുഴ കരകവിഞ്ഞ് ഒഴുകിയതിനാൽ മരുതോങ്കര പീടിക പാറ ആദിവാസി കോളനിയിലെ പന്ത്രണ്ടോളം കുടുംബങ്ങളെ താത്കാലിക അഭയ കേന്ദ്രത്തിലേക്ക് മാറ്റി. നിടുവാൽ പുഴയോരത്തെ വൻ മരം കടപുഴകി വീണു. അഗ്നിശമന സേനയും നാട്ടുകാരും കുറ്റ്യാടി ദുരന്ത നിവാരണ സേന പ്രവർത്തകരും ചേർന്ന് മരം മുറിച്ചു മാറ്റി. തൊട്ടിൽ പാലം, പട്യാട്ട്, കൊടക്കൽ കാഞ്ഞിരോളി, തെക്കും താഴ പുഴകളും കര കവിഞ്ഞു. കാവിലുംപാറ പഞ്ചായത്തിലെ വടകരയിൽ ഷാജുവിന്റെ അഞ്ഞൂറോളം നേന്ത്ര വാഴകൾ നശിച്ചു. പാരത്താൻ ജോൺസന്റെ വീട് ഭാഗികമായി തകർന്നു. പഞ്ചായത്ത് പരിസരത്തെ പുഴകളിൽ നിന്നും അവശിഷ്ട വസ്തുക്കളും മറ്റും നീക്കം ചെയ്തതിനാൽ നീരൊഴുക്കിന് വലിയ തടസം ഉണ്ടായില്ല.