patta
പഞ്ചായത്ത് മെമ്പർ ബീന കോട്ടേമ്മൽ പട്ടയ വിതരണം നടത്തുന്നു

കുറ്റ്യാടി: കാത്തിരിപ്പിനൊടുവിൽ വേളം പള്ളിയത്ത് രാജീവ് ദശലക്ഷം കോളനി നിവാസികൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. ഭവന രഹിതരായ കുടുംബങ്ങൾക്ക് സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ പദ്ധതിയിൽ നേരത്തെ വീടുകൾ ലഭിച്ചിരുന്നു. എന്നാൽ കാൽ നൂറ്റാണ്ടായിട്ടും പട്ടയം ലഭിക്കാത്തതോടെ മറ്റ് ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. വീടുകളെല്ലാം കാലപ്പഴക്കത്താൽ ജീർണ്ണിച്ച് വാസയോഗ്യമല്ലാതായിട്ടുണ്ട്. പട്ടയത്തിന് വേണ്ടി ഓഫീസുകൾ കയറിയിറങ്ങി കാത്തിരിക്കുകയായിരുന്നു ഇവർ. പഞ്ചായത്ത് അംഗം ബീന കോട്ടേമ്മലിന്റെ നേതൃത്വത്തിൽ സർക്കാരിനെ സമീപിച്ചതോടെയാണ് പട്ടയ വിതരണ നടപടി വേഗത്തിലായത്. 38 കുടുംബങ്ങൾക്ക് പട്ടയങ്ങൾ വിതരണം ചെയ്തു. അവശേഷിക്കുന്ന ഒരു കുടുംബത്തിന് അടുത്ത ദിവസം നൽകും. കോളനിയുടെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതായി ബീന കോട്ടേമ്മൽ പറഞ്ഞു. ഡപ്യൂട്ടി തഹസിൽദാർ സുധീർ, ടി.വി കുഞ്ഞിക്കണ്ണൻ കെ.എൻ രാജീവൻ മറ്റ് റവന്യൂ അധികാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.