കോഴിക്കോട്: കൊവിഡ് വ്യാപനത്തോടെ തൊഴിൽ നഷ്ടപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രക്ഷിതാക്കളുടെ കുട്ടികൾക്ക് സഹായഹസ്തവുമായി പറയഞ്ചേരി ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകർ. വീടുകൾ സന്ദർശിച്ച് വിഷമങ്ങൾ നേരിട്ടറിഞ്ഞാണ് അവരെ തുണയ്ക്കാൻ 'കൂട്ട്' പദ്ധതി തുടങ്ങിയത്. വിഷമം അനുഭവിക്കുന്ന ധാരാളം കുട്ടികൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ അദ്ധ്യാപകർ സഹായിക്കാനായി ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു. കുട്ടികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് ടി.വി, ടാബ് തുടങ്ങിയവ എത്തിച്ചു. അർഹരായ കുട്ടികൾക്ക് സാമ്പത്തിക സഹായവും നൽകി. അദ്ധ്യാപകർ തന്നെയാണ് ഫണ്ട് കണ്ടെത്തുന്നത്. സ്വരൂപിച്ച തുക പ്രിൻസിപ്പൽ കെ. ദേവദാസൻ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ സെലീനയ്ക്ക് കൈമാറി. 'കൂട്ട്' പദ്ധതി കൺവീനറും അദ്ധ്യാപികയുമായ സി.എസ്. സൗമ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പി.ടി.എ പ്രസിഡന്റ് ടി.ടി പ്രകാശൻ, ഹെഡ്‌മാസ്റ്റർ ഇ. ശിവരാമൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.കെ മുരളീധരൻ, ഹയർ സെക്കൻഡറി അദ്ധ്യാപകരായ സജി മാത്യു, ബൈജു ജോൺ, ടി.പി. ഷറീന, എം. മീന എന്നിവർ പങ്കെടുത്തു.