kakkayam-

 നിരവധി വീടുകൾ തകർന്നു  ഏഴ് ക്യാമ്പുകൾ തുറന്നു

കോഴിക്കോട്: നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴയ്ക്കിടെ കുറ്റ്യാടിയ്ക്കടുത്ത് മാവട്ടം വനത്തിൽ ഉരുൾപൊട്ടിയെങ്കിലും ആളപായമൊഴിവായി. ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമിലെ ഷട്ടറുകൾ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തുറന്നു. സെക്കൻഡിൽ 100 ക്യൂബിക് മീറ്റർ വരെ വെള്ളം തുറന്ന് വിടാനാണ് ജില്ലാ കളക്ടറുടെ അനുമതി.

ജില്ലയിൽ പലയിടങ്ങളിലായി 7 ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കി. കോഴിക്കോട്, താമരശേരി താലൂക്കുകളിലെ 45 കുടുംബങ്ങളിലെ 135 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. കൊവിഡ് ഭയന്ന് പലയിടങ്ങളിലും വീട്ടുകാർ ബന്ധുവീടുകളിലേക്കും മാറിയിരിക്കുകയാണ്.

മാവൂർ വില്ലേജിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മാവൂർ - കൂളിമാട് റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചുള്ളിക്കാപറമ്പ്, ചെറുവാടി ടൗണുകളിലും വെള്ളം വല്ലാതെ ഉയർന്നു.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ ചുരം ഒന്നാം വളവിൽ മരങ്ങൾ കടപുഴകി വീണ് മൂന്ന് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ട്രാഫിക് പൊലിസും ചുരം സംരക്ഷണപ്രവർത്തകരും ചേർന്ന് മരം മുറിച്ചു നീക്കി രാത്രി 11 മണയോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. കൊയിലാണ്ടി താലൂക്കിൽ ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു. ചെമ്പനോട വില്ലേജിൽ പൂഴത്തോട് ഈങ്ങോറച്ചാലിൽ സുമിത്രയുടെ വീടാണ് ശക്തമായ മഴയിൽ പൂർണമായും തകർന്നത്.

കടലുണ്ടിയിലെ കപ്പലങ്ങാടിയിൽ രൂക്ഷമായ കടലാക്രമണമുണ്ടായി. ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. മാവൂർ ജി.എച്ച്.എസ്.എസിൽ തുറന്ന ക്യാമ്പിലേക്ക് രണ്ടു കുടുംബത്തിലെ നാലു പേരെ മാറ്റി. തെങ്ങിലക്കടവ് കാൻസർ സെന്ററിലുള്ള ക്യാമ്പലേക്ക് 3 കുടുംബത്തിലെ 13 പേരയും മാവൂർ ജി.എം.യു.പി സ്‌കൂളിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെയും കച്ചേരിക്കുന്ന് അംഗൻവാടിയിൽ രണ്ട് കുടുംബത്തിലെ 7 പേരെയുമാണ് മാറ്റി താമസിപ്പിച്ചത്. രണ്ട് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറി. പെരുവയൽ വില്ലേജിൽ ചെറുകുളത്തുർ വെസ്റ്റ് അംഗൻവാടിയിൽ ഒരു കുടുംബത്തിലെ ആറ് പേരെയും മാറ്റി താമസിപ്പിച്ചു.

താമരശേരി താലൂക്കിലെ രണ്ടു വല്ലേജുകളിലായി രണ്ടു ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. രണ്ടിടത്തുമായി 34 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തിരുവമ്പാടി വില്ലേജിലെ മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ എ. എൽ. പി സ്‌കൂൾ, കോടഞ്ചേരി വല്ലേജിൽ ചെമ്പുകടവ് ജി. യു. പി സ്‌കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. കനത്ത മഴയും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാലുമാണ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചത്. മുത്തപ്പൻപ്പുഴ ആദിവാസി കോളനിയിലെ ആറ് കുടുംബങ്ങളിലെ 18 പേർ മുത്തപ്പൻപുഴ സ്‌കൂളിലെ ക്യാമ്പിലുണ്ട്. വെണ്ടേക്കുംപൊയിൽ ആദിവാസി കോളനിയിൽ നിന്നുള്ള 28 കുടുംബങ്ങളിലെ 82 പേരെയാണ് ചെമ്പുകടവ് സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിയത്.

വടകര താലൂക്കിൽ പ്രളയഭീഷണിയുള്ള പ്രദേശങ്ങളിൽ മുന്നൊരുക്കത്തിന്റെ ഭാഗമായി കക്കയം, കുറ്റ്യാടി ഡാം പരിസരത്തള്ളവരെ മാറ്റി പാർപ്പിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. മരുതോങ്കര, മണിയൂർ, തിരുവള്ളൂർ, പാലയാട്, കോട്ടപ്പള്ളി, വേളം, ആയഞ്ചേരി വല്ലേജുകളിലെ ക്യാമ്പുകളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

മലയോര മേഖലകളായ വിലങ്ങാട്, കാവിലുംപാറ, തിനൂർ, മരുതോങ്കര, വാണിമേൽ മേഖലകളിലും ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വിലങ്ങാട് അപകടമേഖലയിലുള്ള ആളുകളെ മാറ്റിപ്പാർപ്പിക്കും. അഴിയൂർ ഗ്രാമപഞ്ചായത്തിലെ കുറിച്ചിക്കര, കോവുക്കൽകടവ്, കക്കടവ്, മോന്താൽ കടവ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് വെള്ളം കയറുന്ന സ്ഥിതിയാണ്. ഇവിടെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി ജയൻ, അഴിയൂർ വല്ലേജ് ഓഫീസർ റനീഷ്‌കുമാർ എന്നിവർ സ്ഥലത്തെത്തി.

കൺട്രോൾ റൂം നമ്പറുകൾ

കളക്ടറേറ്റ് 1077

വടകര 0496 2522361, 0496 2620235

കോഴിക്കോട് 0495 2372966

കൊയിലാണ്ടി 0495 2220588,

താമരശേരി 0495 2223088